മലപ്പുറം: ജില്ലയിലെ ചങ്ങരംകുളം കോക്കൂര്‍ അറക്കല്‍ അഷറഫ് ഹാജി-മറിയക്കുട്ടി ദമ്പതികളുടെ മകന്‍ മുഹമ്മദ് ഫൈസലിന്റെ നിക്കാഹ് വേദിയിലാണ് കേരളത്തിലും പുറത്തുമുള്ള നിര്‍ധനരായ ഇരുപത്തിയഞ്ച് യുവതികള്‍ സുമംഗലികളായത്. രണ്ടത്താണി പുളിശ്ശേരി അബ്‌ദുൾ ഹാരിഫിന്റെയും സൈഫുന്നീസയുടെയും മകള്‍ സാനിയയാണ് മുഹമ്മദ് ഫൈസലിന്റെ വധു.
2019ല്‍ നടന്ന അഷറഫിന്റെ മകള്‍ ഫാത്തിമത്ത് സുഹറയുടെ വിവാഹത്തിലും അഷറഫ് ഇതേ പാതയാണ് പിന്തുടര്‍ന്നത്. അന്ന് വിവാഹചടങ്ങില്‍ പാവപ്പെട്ട പത്ത് യുവതീ യുവാക്കള്‍ക്കാണ് സമ്മാനങ്ങളും മറ്റും നൽകി വിവാഹം നടത്തി നൽകിയത്.
ദേശീയ തലത്തിൽ തന്നെ ശ്രദ്ധേയമാകുന്ന ഈ ‘കേരള മോഡൽ’ വിവാഹത്തിൽ പുതിയ ജീവിതത്തിലേക്ക് കൈപിടിച്ചു നടന്നവരിൽ സഹോദര മതത്തിൽ നിന്നുള്ള 4 വധുവരൻമാരും ഉണ്ടായിരുന്നു. ഇവരുടെ വിവാഹം ആചാരപ്രകാരം വിവിധ ക്ഷേത്രങ്ങളിൽ നടത്തുകയും പിന്നീട് വേദിയിലേക്ക് വരികയുമാണ് ചെയ്‌തത്.
എല്ലാ വധുവരൻമാർക്കും ധരിക്കാനുള്ള വിവാഹ വസ്‌ത്രവും ഓരോ വധുവിനും 8 ലക്ഷം രൂപയോളം വരുന്ന സ്വർണാഭരങ്ങളും നൽകിയതിന് പുറമേ പങ്കെടുത്ത ഇരുപതിനായിരത്തിലേറെ ബന്ധുക്കൾക്ക് വിവാഹസദ്യയും അറക്കല്‍ അഷറഫ് ഹാജി ഒരുക്കിയിരുന്നു.
മകനും മരുമകളുമണിഞ്ഞ അതേ വസ്‌ത്രങ്ങളാണ് എല്ലാ വധൂവരന്മാര്‍ക്കും ഒരുക്കിയിരുന്നത്. വധൂവരൻമാരെ വേദിയിലേക്ക് ആനയിച്ചശേഷം അഷ്‌റഫും കുടുംബവും അവര്‍ക്കായി കരുതിവെച്ച ആഭരണങ്ങളുടെ പെട്ടികളും ഉപഹാരങ്ങളും കൈമാറി. എല്ലാവരെയും ഒരുമിച്ചിരുത്തി ഫോട്ടോകളും വീഡിയോകളും പകര്‍ത്തി. ഓരോ കുടുംബത്തിനെയും പ്രത്യേകമിരുത്തിയുള്ള കുടുംബചിത്രങ്ങളും പകര്‍ത്തി.
യുഎഇയിലും കേരളത്തിലും വിവിധ ബിസിനസ് സംരംഭങ്ങളുടെ ഉടമയാണ് അറക്കല്‍ അഷറഫ് ഹാജി. വീടിനടുത്തുള്ള വയലിൽ ഒരു ലക്ഷത്തിലേറെ സ്‌ക്വയർ ഫീറ്റ് ഏരിയയിൽ ശീതീകരണ സൗകര്യങ്ങളോടെ പ്രത്യേകം സജ്‌ജീകരിച്ച ‘അറക്കൽ വില്ലാസ്’-ലെ വിവാഹം അക്ഷരാർഥത്തിൽ ഒരു നാടിന്റെ ആഘോഷമായാണ് നടന്നത്. സമസ്‌ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളാണ് വിവാഹങ്ങൾക്ക് കാര്‍മികത്വം വഹിച്ചത്.
മന്ത്രി എംബി രാജേഷ്, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ഇടി മുഹമ്മദ് ബഷീർ എംപി, പി നന്ദകുമാർ എംഎൽഎ, പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബുബക്കർ മുസ്‌ലിയാർ, അശ്‌റഫ് കോക്കൂർ, പിടി അജയ് മോഹൻ, വിടി ബൽറാം തുടങ്ങി മത രാഷ്‌ട്രീയ സാമൂഹിക മേഖലകളിലെ പ്രമുഖർ ചടങ്ങുകളിൽ പങ്കെടുത്തു.
MOST READ | ‘വിമർശനം വ്യക്‌തിപരം’; സുപ്രീം കോടതിക്കെതിരായ പരാമർശങ്ങൾ തള്ളി ബിജെപി