ന്യൂഡെല്‍ഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര സര്‍ക്കാര്‍. വിഷയത്തിൽ കേന്ദ്രവനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവുമായി മന്ത്രി എകെ ശശീന്ദ്രന്‍ കൂടിക്കാഴ്‌ച നടത്തിയിരുന്നു. കാട്ടുപന്നിയെ വെടിവെക്കാന്‍ അനുമതി നല്‍കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് കേന്ദ്രം അറിയിച്ചതായി കൂടിക്കാഴ്‌ചക്ക് ശേഷം ശശീന്ദ്രന്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, കേരളത്തിന്റെ പ്രശ്‌നങ്ങള്‍ പഠിക്കുമെന്നുംസ്ഥിതി പരിശോധിക്കാനായി ഉന്നത തലസംഘത്തെ അയക്കുമെന്നും കേന്ദ്രവനം മന്ത്രി പറഞ്ഞു. വന്യമൃഗ ശല്യം തടയുന്നതിനായി കേരളത്തിന് മറ്റെന്തെങ്കിലും സഹായം നല്‍കാനാകുമോയെന്ന് പരിശോധിക്കുമെന്നും ഭൂപേന്ദര്‍ യാദവ് വ്യക്‌തമാക്കി.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ കാട്ടുപന്നി ആക്രമണം മൂലം കൃഷിനാശം സംഭവിച്ച 10,335 കേസുകൾ ഉണ്ടായെന്നും നാലുപേര്‍ മരിച്ചെന്നും കേരളം കേന്ദ്രത്തെ അറിയിച്ചു. വനംവകുപ്പ് 5.54 കോടി രൂപ കര്‍ഷകര്‍ക്കു നഷ്ടപരിഹാരമായി നല്‍കിയെന്നും സർക്കാർ ചൂണ്ടിക്കാട്ടി. തുടർന്നാണ് കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടത്.
കൂടാതെ കൃഷിയിടങ്ങളില്‍ കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് പന്നികളെ കൊല്ലാന്‍ അനുമതി വേണം എന്ന് കര്‍ഷകര്‍ വനമന്ത്രിക്ക് മുന്നില്‍ ആവശ്യം ഉന്നയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് എകെ ശശീന്ദ്രന്‍ കേന്ദ്ര വനം പരിസ്‌ഥിതി വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയത്.
Read also: അഭിനന്ദൻ വർധമാന് ആദരം; വീരചക്ര സമ്മാനിച്ച് രാഷ്‍ട്രപതി







































