മലപ്പുറം: സ്‌കൂൾ ബസിന്റെ ഫീസടയ്‌ക്കാൻ വൈകിയതിന് യുകെജി വിദ്യാർഥിയെ വഴിയിൽ ഇറക്കിവിട്ടെന്ന് പരാതി. മലപ്പുറം ചേലേമ്പ്ര എഎൽപി സ്‌കൂളിലെ യുകെജി വിദ്യാർഥിയെയാണ് ബസിൽ കയറ്റാതിരുന്നത്. സാധാരണ പോലെ വീട്ടിൽ നിന്നിറങ്ങിയ വിദ്യാർഥി മറ്റു കുട്ടികൾക്കൊപ്പം ബസിൽ കയറാനെത്തിയപ്പോഴാണ് തടഞ്ഞത്.
ഫീസ് അടയ്‌ക്കാത്തതിനാൽ കുട്ടിയെ ബസിൽ കയറ്റേണ്ടെന്ന് പ്രാധാനാധ്യാപിക നിർദ്ദേശം നൽകിയെന്നാണ് വിവരം. രണ്ടുമാസത്തെ ഫീസായ 1000 രൂപ അടയ്‌ക്കാത്തതിലാണ് നടപടി. രക്ഷിതാക്കളെ പോലും അറിയിക്കാതെ കുട്ടിയെ കയറ്റാതെ ബസ് പോവുകയായിരുന്നു. കണ്ണുനിറഞ്ഞ് വഴിയിൽ നിന്ന കുട്ടിയെ മറ്റൊരു സ്‌ത്രീയാണ് വീട്ടിലാക്കിയത്.
തിങ്കളാഴ്‌ചയായിരുന്നു സംഭവം. സ്‌കൂൾ അധികൃതരും പിടിഎ അംഗങ്ങളും പിന്നീട് വീട്ടിലെത്തി കുടുംബത്തോട് മാപ്പപേക്ഷിക്കുകയും ചെയ്‌തിരുന്നു. കുട്ടിക്ക് മാനസിക പ്രയാസം ഉണ്ടായതിനാൽ ഇനി ആ സ്‌കൂളിലേക്ക് അയക്കേണ്ടെന്നാണ് രക്ഷിതാക്കളുടെ തീരുമാനം. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് രക്ഷിതാക്കൾ മന്ത്രി വി. ശിവൻകുട്ടിക്കും ബാലാവകാശ കമ്മീഷനും പോലീസിനും പരാതി നൽകി.
Most Read| ‘താലിബാന് പിന്നിൽ ഇന്ത്യ, വെടിനിർത്തൽ നിലനിൽക്കുമോ എന്ന് സംശയം’