വിജയ് സേതുപതിയും, നിത്യ മേനോനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മലയാള സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. 19 (1)(a) എന്നാണ് ചിത്രത്തിന്റെ പേര്. സോഷ്യല്‍-പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്.
മാര്‍ക്കോണി മത്തായി എന്ന ചിത്രത്തിലൂടെയാണ് വിജയ് സേതുപതി ആദ്യമായി മലയാളത്തില്‍ എത്തിയത്. അതിന് ശേഷം ചെയ്യുന്ന ചിത്രമാണ് 19 (1)(a). നവാഗത സംവിധായികയായ ഇന്ദു വിഎസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിത്യ മേനോന്, ഇന്ദ്രജിത്ത്, ഇന്ദ്രന്‍സ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്ന മറ്റ് താരങ്ങള്‍.
നിത്യ മേനോന് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കാഴ്ചപ്പാടിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നേറുന്നത് എന്നും ചിത്രം അവസാനിക്കുന്നത് വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രത്തിലൂടെയാണ് എന്നും സംവിധായിക വ്യക്തമാക്കി. സാധാരണ സിനിമകളില്‍ നിന്നും വ്യത്യസ്തമായി നായികാ-നായകന് സങ്കല്പ്പങ്ങളില് നിന്നും മാറിയാണ് ചിത്രം ഒരുക്കുന്നത്. മനേഷ് മാധവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. വിജയ് ശങ്കറാണ് ചിത്രത്തിന്റെ എഡിറ്റിംഗ്.
Read also : കോളേജുകള്‍ തുറക്കാം; മാര്‍ഗ നിര്‍ദേശവുമായി യുജിസി







































