മക്കൾ സെൽവൻ വിജയ് സേതുപതിയുടെ ഏറ്റവും പുതിയ ചിത്രമായ ‘കാ പേ രണസിംഗം’ ഓൺലൈൻ റിലീസിങ്ങിന് തയ്യാറെടുക്കുന്നു. ഒരേസമയം ടെലിവിഷനിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ഒരുമിച്ച് ആയിരിക്കും ചിത്രം പ്രദർശനത്തിന് എത്തുക. ഒക്ടോബർ 2നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. വിജയ് സേതുപതി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ഡിടിഎച്ച് ചാനലായ സീ പ്ലക്‌സ്, ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്ഫോമായ സീഫൈവ് എന്നിവയിൽ ഒരുമിച്ചായിരിക്കും ചിത്രം എത്തുക.
വിജയ് സേതുപതിക്ക് പുറമേ ഐശ്വര്യ രാജേഷ്,സമുദ്രക്കനി,യോഗി ബാബു എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നു. തമിഴിന് പുറമേ തെലുഗു, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ഒരേ സമയം മൊഴിമാറ്റിയെത്തും. പി.വിരുമാണ്ടിയാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. 150ലധികം രാജ്യങ്ങളിലെ പ്രേക്ഷകർക്ക് ചിത്രം ആസ്വദിക്കാൻ കഴിയും.
Also Read: ‘വലിമൈ’ ചിത്രീകരണം; ആരാധകര്‍ക്ക് മറുപടിയുമായി അണിയറ പ്രവര്‍ത്തകര്‍
വിജയ് സേതുപതിയും ഐശ്വര്യ രാജേഷും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. മുൻപ് റമ്മി, ധർമ്മദുരൈ, പന്നൈയാറും പദ്മിനിയും, ഇടം പൊരുൾ ഇവൾ, ചെക്ക ചിവന്ത വാനം എന്നീ ചിത്രങ്ങളിൽ ഇവർ ഒരുമിച്ച് അഭിനയിച്ചിരുന്നു.
തമിഴ്നാട്ടിലെ ഒരു ഗ്രാമം വ്യവസായ വത്കരണത്തിന് എതിരെ നടത്തുന്ന പോരാട്ടമാണ് ചിത്രം പറയുന്നത്. കെജിആർ സ്റ്റുഡിയോസിന്റെ ബാനറിൽ കൊട്ടപടി ജെ രാജേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. ജിബ്രാനാണ് സംഗീത സംവിധാനം, ഛായാഗ്രഹണം എൻ.കെ.ഏകാംബരവും കൈകാര്യം ചെയ്‌തിരിക്കുന്നു.