കൽപ്പറ്റ: കർണാടകയിലെ ബേഗൂരിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുമരണം. വയനാട് കമ്പളക്കാട് മടക്കിമല കരിഞ്ചേരിയിൽ അബ്‌ദുൽ ബഷീർ (54), സഹോദരിയുടെ മകന്റെ ഭാര്യ ജഫീറ (28) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം ഗുണ്ടൽപേട്ട് ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് രാവിലെ പത്തുമണിയോടെയാണ് അപകടമുണ്ടായത്. മരിച്ച ബഷീറിന്റെ ഭാര്യ നസീമ, സഹോദരിയുടെ മകനും മരണപ്പെട്ട ജഫീറയുടെ ഭർത്താവുമായ മുഹമ്മദ് ഷാഫി, ഷാഫിയുടെ മകൻ ഹൈസം ഹാനാൻ (ഒരു വയസ്) എന്നിവരെ മൈസൂർ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
തായ്‌ലൻഡിലെ ടൂർ കഴിഞ്ഞ് ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം നാട്ടിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം. വയനാട്ടിൽ നിന്നും ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും അപകട സ്‌ഥലത്തേക്ക് തിരിച്ചു.
Most Read| ഇതൊക്കെ സിമ്പിൾ… തിരുവസ്‌ത്രത്തിൽ സബീന കുതിച്ചത് സ്വർണ തിളക്കത്തിലേക്ക്


































