കോട്ടയം: സാമൂഹിക പെൻഷനിൽ യുഡിഎഫ് സർക്കാർ രണ്ടാം വർഷം വരുത്തിയ വർധന മാത്രം വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി പിണറായി വിജയൻ വസ്തുതകൾ മറച്ചുവെച്ച് പ്രചാരണം നടത്തുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സാമൂഹിക പെൻഷൻ വിഷയത്തിൽ പ്രതിപക്ഷത്തെ മുഖ്യമന്ത്രി ‘എട്ടുകാലി മമ്മൂഞ്ഞെന്ന്’ വിളിച്ച പശ്ചാത്തലാത്തിലായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രതികരണം.
2013, 2014, 2016 വർഷങ്ങളിൽ വരുത്തിയ പെൻഷൻ വർധനവ് മുഖ്യമന്ത്രി മറച്ചുപിടിച്ചു. സർക്കാർ വെബ്സൈറ്റിൽ പരസ്യമായി കിടക്കുന്ന വസ്തുതകൾ മറച്ചുവെക്കുന്നത് എന്തിനാണെന്ന് ഉമ്മൻ ചാണ്ടി ചോദിച്ചു. പത്രസമ്മേളനത്തിന് പുറമേ ഔദ്യോഗിക പേജുകളിലും യുഡിഎഫ് സർക്കാർ 2011 മുതൽ 2016 വരെ 600 രൂപ മാത്രമാണ് പെൻഷൻ നൽകിയതെന്നാണ് പ്രചരിപ്പിക്കുന്നത്. എന്നാൽ, സാമൂഹിക ക്ഷേമ വകുപ്പ് 2014ൽ പുറപ്പെടുവിച്ച ഉത്തരവ് ഈ കള്ളം പൊളിച്ചടുക്കുന്നു. വിധവാ പെൻഷൻ, വികലാംഗ പെൻഷൻ, 50 വയസ് കഴിഞ്ഞ അവിവാഹിതരായ സ്ത്രീകൾക്കുള്ള പെൻഷൻ എന്നിവ 2014 മുതൽ 800 രൂപയാക്കിയെന്ന് ഉത്തരവിൽ വ്യക്തമാണ്.
80 വയസിൽ താഴെയുള്ളവരുടെ വാർധക്യകാല പെൻഷൻ 500ൽ നിന്ന് 600 ആക്കി. 800 രൂപയിൽ താഴെ പെൻഷൻ ലഭിക്കുന്ന വിഭാഗം ഇത് മാത്രമാണെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി. മറ്റ് വിഭാഗങ്ങൾക്ക് 800ഉം അതിൽ കൂടുതലുമാണ് പെൻഷൻ ലഭിക്കുന്നത്. 2016ൽ 75 വയസ് കഴിഞ്ഞ വൃദ്ധജനങ്ങളുടെ വാർധക്യകാല പെൻഷൻ കുത്തനെ കൂട്ടി 1500 രൂപയാക്കി. എൽഡിഎഫിന്റെ കാലത്ത് 300 രൂപയായിരുന്ന സാമൂഹിക പെൻഷൻ യുഡിഎഫ് 800 രൂപയാക്കി ഉയർത്തി. 2011ൽ 14 ലക്ഷം പേർക്ക് നൽകിയിരുന്ന സാമൂഹിക പെൻഷൻ യുഡിഎഫ് സർക്കാർ 34 ലക്ഷം പേർക്ക് നൽകി-ഉമ്മൻ ചാണ്ടി പറഞ്ഞു.
എൽഡിഎഫ് വർഷം തോറും 100 രൂപ വർധിപ്പിച്ചതിനേക്കാൾ നേട്ടം യുഡിഎഫിന്റെ കാലത്ത് ഒന്നിലധികം പെൻഷൻ ലഭിച്ചവർക്ക് കിട്ടിയിരുന്നു. സമൂഹത്തിലെ ഏറ്റവും ദുർബല വിഭാഗങ്ങൾക്ക് നൽകിയിരുന്ന പ്രത്യേക പരിഗണനയായിരുന്നു ക്ഷേമനിധി ബോർഡുകളിൽ നിന്ന് പെൻഷൻ ലഭിക്കുന്നവർക്ക് സാമൂഹിക പെൻഷനും ലഭ്യമാക്കിയത്. എന്നാൽ ഇത് എൽഡിഎഫ് സർക്കാർ നിർത്തലാക്കിയെന്നും ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി.
Also Read: ആദ്യഘട്ട തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം ഇന്ന് വൈകിട്ട് 6 ന് അവസാനിക്കും







































