കണ്ണൂര്‍: തളിപറമ്പില്‍ പാർട്ടിക്കെതിരെ സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം. നൂറോളം പ്രവര്‍ത്തകരാണ് കൊടിയുമേന്തി രാത്രിയില്‍ തളിപറമ്പ് നേതൃത്വത്തിനെതിരെ പ്രകടനം നടത്തിയത്. പാര്‍ട്ടി ഓഫിസുകള്‍ക്ക് മുന്നില്‍ പോസറ്ററും കരിങ്കൊടിയും പ്രത്യക്ഷപ്പെട്ടു.
വഴിപിഴക്കുന്ന നേതൃത്വത്തിനെതിരെ കമ്മ്യൂണിസ്റ്റുകാരന് തോക്കെടുക്കണം എന്നായിരുന്നു പോസ്റ്ററിന്റെ ഉള്ളടക്കം. സിപിഐ വിട്ട് സിപിഎമ്മില്‍ എത്തിയ പുല്ലായ്കൊടി ചന്ദ്രനാണ് തളിപറമ്പ് നോര്‍ത്ത് ലോക്കല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഇദ്ദേഹത്തെ ലക്ഷ്യം വെച്ചാണ് പോസ്റ്ററുകള്‍. ‘സിപിഐയെ നശിപ്പിച്ചു, ഇനി സിപിഎം ആണോ ലക്ഷ്യം’ എന്നും പോസ്റ്ററിൽ ചോദിക്കുന്നുണ്ട്.
ലോക്കല്‍ സമ്മേളനത്തില്‍ നിന്നും സിപിഎം നേതാവും നഗരസഭാ മുന്‍ ഉപാധ്യക്ഷനുമായിരുന്ന കെ മുരളീധരന് ഇറങ്ങിപോയിരുന്നു. തന്റെ അനുകൂലികളെ ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നില്ല എന്ന് ആരോപിച്ചായിരുന്നു നടപടി. മുരളീധരന് നേരത്തെ മുതല്‍ പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. ഇദ്ദേഹത്തെ ഏരിയാ കമ്മിറ്റിയില്‍ നിന്നും ലോക്കല്‍ കമ്മിയിലേക്ക് തരം താഴ്ത്തിയിരുന്നു.
ഇത്തവണ തളിപറമ്പ് നോര്‍ത്ത് കമ്മിറ്റിയില്‍ മുരളീധരന് അനുകൂലികളായ ആരെയും അംഗങ്ങളാക്കിയിരുന്നില്ല. കൂടാതെ, ഏരിയാ സമ്മേളനത്തിന്റെ പ്രതിനിധിയായി മുരളീധരനെ തിരഞ്ഞെടുക്കുകയും ചെയ്തില്ല. ഇതില്‍ നേതൃത്വത്തിനെതിരെ രൂക്ഷമായി പ്രതികരിച്ചാണ് കമ്മിറ്റിയില്‍ നിന്നും ഇദ്ദേഹം ഇറങ്ങി പോയത്.
ഇതിന് പിന്നാലെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുകയും പ്രകടനം നടത്തുകയും ചെയ്തത്. എന്നാല്‍ പ്രകനത്തില്‍ പങ്കെടുത്തവര്‍ സിപിഎം പ്രവര്‍ത്തകരെല്ലെന്നാണ് പാര്‍ട്ടി വിശദീകരണം.
Most Read: വെള്ളക്കെട്ട് ഒഴിവാക്കാൻ പദ്ധതി; ആദ്യഘട്ടം പൂർത്തിയാക്കി നിലമ്പൂർ നഗരസഭ







































