ന്യൂഡൽഹി: ഇന്ത്യ – ചൈന അതിർത്തി മേഖലയിലെ തർക്കം ആരംഭിച്ചിട്ട് 100 ദിവസങ്ങൾ പിന്നിട്ടു. 2020 മേയ് അഞ്ചിനാണ് ലഡാക്ക് മേഖലയിൽ അതിർത്തി തർക്കം ആരംഭിച്ചത്. തർക്കം പരിഹരിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ ഇരു രാജ്യങ്ങളും ശക്തമായി തിരിച്ചടിക്കാൻ തുടങ്ങി.
ലഡാക്കിലെ പാംഗോങ് , ഡെപ്സങ് എന്നിവിടങ്ങളിൽ അതിർത്തി ലംഘിച്ച് ഇന്ത്യൻ മേഖലയിലേക്ക് കയറിയ ചൈനീസ് സേന പിന്മാറാൻ തയ്യാറാകുന്നില്ലെന്നും, ഈ സ്ഥിതി തുടർന്നാൽ സംഘർഷം നീണ്ടു പോകുമെന്നും സേനാവൃത്തങ്ങൾ അറിയിച്ചു. ഇന്ത്യ – ചൈന അതിർത്തിയിലെ ഏറ്റവും ദൈർഘ്യമേറിയ സംഘർഷമെന്ന നിലയിലേക്കാണ് നിലവിലെ തർക്കം വളരുന്നത്.
പ്രശ്ന പരിഹാരത്തിനായി ഇതുവരെ അഞ്ച് തവണ ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച നടത്തിയിരുന്നു. പക്ഷേ കടന്നുകയറ്റം അവസാനിപ്പിക്കാൻ ചൈന ഇതുവരെ തയ്യാറായിട്ടില്ല. വരും മാസങ്ങളിൽ അതിർത്തിയിൽ സേനയെ കൂടുതൽ ശക്തമാക്കാനുള്ള തയ്യാറെടുപ്പുകളിലാണ് ഇന്ത്യൻ കരസേന. നിലവിൽ പാംഗോങ്ങിലും ഡെപ്സാങ്ങിലും മൂന്ന് ഡിവിഷൻ സേനാംഗങ്ങളാണ് നിലയുറപ്പിച്ചിട്ടുള്ളത്. ഓരോ ഡിവിഷനിലും12000 പേരാണുള്ളത്.
അതിർത്തിയിൽ കരസേനയോടൊപ്പം തന്നെ വ്യോമസേനയും ജാഗ്രത പുലർത്തുന്നുണ്ട്. സുഖോയ് 30, മിഗ് 29 എന്നീ യുദ്ധവിമാനങ്ങളും അപ്പാച്ചി, ചിനൂക്, ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകളുമാണ് നിലവിൽ ദൗത്യത്തിനുളളത്. പുതുതായി ഇന്ത്യയിൽ എത്തിച്ച 5 റഫാൽ യുദ്ധവിമാനങ്ങൾ സേന ദൗത്യങ്ങൾക്കായി ഉപയോഗിക്കാൻ ഇനിയും ഏതാനും മാസങ്ങൾ എടുക്കും.