മരണം ഉറപ്പിച്ചു, ബന്ധുക്കളെല്ലാം എത്തി, ശവസംസ്കാര ചടങ്ങുകൾക്ക് തയ്യാറെടുക്കുന്നതിനിടെ 103 വയസുകാരി അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്നു. വിലാപയാത്രയ്ക്ക് പകരം കേക്ക് മുറിച്ചാണ് കുടുംബം പിന്നീട് ആഘോഷം നടത്തിയത്.
നാഗ്പൂർ ജില്ലയിലെ രാംടെക്കിലാണ് സംഭവം. മരിച്ചുവെന്ന് കരുതിയ ഗംഗാഭായ് സഖാരെ എന്ന 103 വയസുകാരിയാണ് അവസാന നിമിഷം മരണത്തെ തോൽപ്പിച്ച് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. ശവസംസ്കാരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾ ഒത്തുകൂടിയ സമയത്ത്, ഗംഗാഭായിയുടെ കാൽവിരലുകൾ അനങ്ങുന്നത് ഒരു ബന്ധുവിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
തിങ്കളാഴ്ച വൈകീട്ടാണ് ഗംഗാഭായി മരിച്ചതായി കുടുംബം കരുതിയത്. തുടർന്ന് അന്ത്യകർമങ്ങൾക്കുള്ള നടപടികൾ ആരംഭിക്കുകയും ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ, മൃതദേഹം സാരി പുതപ്പിച്ച് ആചാരപ്രകാരം കൈകളുകൾ ബന്ധിച്ച് സംസ്കാരത്തിനായി ഒരുക്കിയിരുന്നു. മരണവാർത്ത അറിഞ്ഞ് ദൂര സ്ഥലങ്ങളിൽ നിന്നുപോലും ബന്ധുക്കൾ എത്തിയിരുന്നു.
എന്നാൽ, ആ സമയത്താണ് പേരക്ക ട്ടിയായ രാകേഷ് സഖാരെ ഗംഗാഭായിയുടെ കാലുകളിൽ നേരിയ ചലനം ശ്രദ്ധിച്ചത്. ഉടൻ തന്നെ മൂക്കിലെ പഞ്ഞി മാറ്റിയപ്പോൾ അവർ ആഴത്തിൽ ശ്വസിച്ചു. തങ്ങൾ നഷ്ടപ്പെട്ടുവെന്ന് കരുതിയ മുത്തശ്ശി ജീവനോടെയിരിക്കുന്നുവെന്ന് തിരിച്ചറിഞ്ഞതോടെ ആ വീട് ആഘോഷഭരിതമായി. അത്ഭുതകരമായ തിരിച്ചുവരവിനിടെയാണ് ഇന്നലെ അവരുടെ ജൻമദിനമാണെന്ന കാര്യം കുടുംബാംഗങ്ങൾ തിരിച്ചറിഞ്ഞത്.
ഇതോടെ 103ആം ജൻമദിനം ആഘോഷിക്കാൻ കുടുംബം തീരുമാനിച്ചു. ശവസംസ്കാര പങ്കെടുത്താൻ സങ്കടത്തോടെ വന്നവർ ജൻമദിന കേക്കും കഴിച്ച് സന്തോഷത്തോടെ മടങ്ങുന്ന കാഴ്ച ആ പ്രദേശത്തെ പ്രധാന ചർച്ചാ വിഷയമായി മാറി. രണ്ടാം ജൻമം ലഭിച്ച മുത്തശ്ശിയെ കാണാൻ ഇപ്പോൾ അയൽഗ്രാമങ്ങളിൽ നിന്നടക്കം നിരവധി ആളുകൾ എത്തുന്നത്.
Most Read| മറുകണ്ടം ചാടാൻ എംഎൽഎമാർ, ചർച്ച നടത്തി? ബിഹാറിൽ കോൺഗ്രസ് വെട്ടിൽ






































