പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂരില്‍ പുനരധിവാസ കേന്ദ്രത്തില്‍ 112 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ആശ്രിതര്‍ ഇല്ലാത്ത ഭിന്നശേഷിക്കാരായ ആളുകളെയും രോഗികളെയും താമസിപ്പിച്ചിരുന്ന ഗില്‍ഗാല്‍ എന്ന പുനരധിവാസ കേന്ദ്രത്തിലാണ് സംഭവം. 195 പേരുടെ സാംപിളുകൾ പരിശോധന നടത്തിയതില്‍ 112 പേര്‍ക്ക് രോഗം സ്‌ഥിരീകരിച്ചു.
നൂറില്‍ അധികം ആളുകളിലേക്ക് കോവിഡ് ബാധിച്ചതോടെ വലിയ ആശങ്കയാണ് ജില്ലയില്‍ ഉണ്ടായിരിക്കുന്നത്. കോവിഡ് സ്‌ഥിരീകരിച്ചവരില്‍ ഏറെപ്പേരും മറ്റ് രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. അതിനാല്‍ പുനരധിവാസ കേന്ദ്രത്തെ അധികൃതര്‍ സിഎഫ്എല്‍ടിസി ആക്കി മാറ്റി. ഇവിടെ രോഗം സ്‌ഥിരീകരിച്ച ആളുകളെ പരിശോധിക്കാനായി പ്രത്യേകം ഡോക്‌ടർമാരെയും നഴ്‌സുമാരെയും നിയോഗിച്ചു.
370 ആളുകളാണ് ഇവിടെ ആകെ അന്തേവാസികള്‍ ആയിട്ടുള്ളത്. കൂടുതല്‍ പേരിലേക്ക് രോഗം പകര്‍ന്നിട്ടുണ്ടോ എന്ന ആശങ്കയും നിലനിനില്‍ക്കുന്നുണ്ട്. ബാക്കിയുള്ള ആളുകളില്‍ ഇന്ന് കോവിഡ് പരിശോധന നടത്തും. അതിനായി പ്രത്യേക മെഡിക്കല്‍ സംഘത്തെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. അതേസമയം തന്നെ പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞ ദിവസം 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പടെ ആകെ 285 ആളുകള്‍ക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഇവരില്‍ 237 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്‌ഥിരീകരിച്ചത്. നിലവില്‍ 2563 ആളുകളാണ് ജില്ലയില്‍ ചികില്‍സയില്‍ കഴിയുന്നത്.
Read also : ബാറ്റിംഗ് മറന്ന ചെന്നൈക്ക് നാണം കെട്ട തോല്‍വി; 10 വിക്കറ്റ് ജയവുമായി മുംബൈ മുന്നോട്ട്