കണ്ണൂർ: പാപ്പിനിശ്ശേരി പാറക്കലിൽ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. മരിച്ച കുട്ടിയുടെ അച്ഛന്റെ സഹോദരന്റെ മകളായ 12 വയസുകാരിയാണ് കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നതെന്ന് പോലീസ് പറയുന്നു.
തമിഴ്‌നാട് സ്വദേശിയായ മുത്തുവിന്റെയും അക്കാമ്മയുടെയും നാലുമാസം പ്രായമായ കുഞ്ഞാണ് മരിച്ചത്. വാടക ക്വാർട്ടേഴ്‌സിന് സമീപത്തെ കിണറ്റിലാണ് ഇന്നലെ അർധരാത്രിയോടെ മൃതദേഹം കണ്ടെത്തിയത്. അമ്മയുടെ കൂടെ കിടന്നുറങ്ങിയ കുട്ടിയെ അർധരാത്രിയോടെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ വളപട്ടണം പോലീസ് അന്വേഷണം തുടരുകയാണ്. മാതാപിതാക്കളില്ലാത്ത 12 വയസുകാരി മുത്തുവിനും ഭാര്യക്കുമൊപ്പമാണ് താമസിച്ചിരുന്നത്. ഇവരുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞ് വന്നതോടെ തന്നോടുള്ള സ്‌നേഹം കുറയുമോയെന്ന് 12കാരി ഭയന്നുവെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നും പോലീസ് പറയുന്നു.
Most Read| അൺ ഡോക്കിങ് വിജയം; ഭൂമിയിലേക്ക് യാത്ര തുടങ്ങി സുനിതയും സംഘവും







































