തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ പെൺകുട്ടിക്കായി വ്യാപക തിരച്ചിൽ തുടരുന്നു. പെൺകുട്ടിയെ കാണാതായിട്ട് 21 മണിക്കൂർ പിന്നിട്ട സാഹചര്യത്തിൽ കേരള പോലീസ് തമിഴ്‌നാട്ടിൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പെൺകുട്ടി കന്യാകുമാരിയിൽ എത്തിയതായി വിവരം ലഭിച്ചിരുന്നു. അസം സ്വദേശിനിയായ 13 വയസുകാരിയെ ആണ് ഇന്നലെ രാവിലെ മുതൽ കാണാതായത്.
പെൺകുട്ടിയെ കണ്ടതായി കന്യാകുമാരിയിലെ ഓട്ടോറിക്ഷ തൊഴിലാളികളാണ് അറിയിച്ചത്. രാവിലെ 5.30ന് സ്‌റ്റേഷന്റെ പുറത്ത് കുട്ടി നിൽക്കുന്നത് കണ്ടതായാണ് വിവരം ലഭിച്ചത്. കുട്ടി ബീച്ച് ഭാഗത്തേക്ക് പോകാനുള്ള സാധ്യത കണക്കിലെടുത്ത് പരിശോധന നടത്തുന്നുണ്ട്. ഈ ഭാഗങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ തമിഴ്‌നാട് പോലീസ് പരിശോധിക്കുന്നുണ്ട്.
കേരള പോലീസ് സംഘത്തിലെ നാലുപേർ തമിഴ്‌നാട്ടിൽ എത്തിയിട്ടുണ്ട്. ഇന്നലെ ഉച്ചയ്‌ക്ക് ബെംഗളൂരു- കന്യാകുമാരി ട്രെയിനിൽ കുട്ടി യാത്ര ചെയ്യുന്ന ചിത്രം ലഭിച്ചിരുന്നു. ട്രെയിനിലിരുന്ന് കരയുന്നത് ശ്രദ്ധിച്ച യാത്രക്കാരിയാണ് പെൺകുട്ടിയുടെ ചിത്രം പകർത്തിയത്. പിന്നീട്, പെൺകുട്ടിയെ കാണാതായ വിവരം അറിഞ്ഞതോടെ സംശയം തോന്നി ചിത്രം പോലീസിന് കൈമാറി.
കുടുംബത്തെ ചിത്രം കാണിച്ചു പെൺകുട്ടിയാണെന്ന് പോലീസ് ഉറപ്പുവരുത്തുകയും ചെയ്‌തു. ഇന്നലെ ഉച്ചയ്‌ക്ക് ഒരുമണിയോടെ തമ്പാനൂരിൽ നിന്നാണ് പെൺകുട്ടി ട്രെയിനിൽ കയറിയത്. ട്രെയിനിൽ കുട്ടിയെ ശ്രദ്ധിച്ച മറ്റൊരു യാത്രക്കാരിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തിൽ പാറശാല വരെ പെൺകുട്ടി ട്രെയിനിൽ യാത്ര ചെയ്‌തിരുന്നതായി പോലീസിന് വിവരം ലഭിച്ചു.
ഇന്നലെ രാവിലെ പത്തരയോടെയാണ് കഴക്കൂട്ടത്തെ വീട്ടിൽ നിന്ന് പെൺകുട്ടിയെ കാണാതായത്. സഹോദരങ്ങളുമായി വഴക്കുണ്ടാക്കിയതിന് അമ്മ വഴക്കുപറഞ്ഞതിനാണ് പെൺകുട്ടി വീടുവിട്ടിറങ്ങിയത്. ബാഗും വസ്‌ത്രങ്ങളും സഹിതമാണ് കുട്ടി പോയിരിക്കുന്നത്. കുട്ടിയുടെ പക്കൽ 50 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്ന് മാതാപിതാക്കൾ പറയുന്നു.
മൂന്നുകിലോമീറ്റർ ദൂരം കുട്ടി സഞ്ചരിച്ചതിന്റെ, ഉച്ചയ്‌ക്ക് 12 മണിവരെയുള്ള സിസിടിവി ദൃശ്യങ്ങൾ നേരത്തെ പോലീസിന് ലഭിച്ചിരുന്നു. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9497960113, 112 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
Most Read| ഡോക്‌ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ ദേശീയ ദൗത്യസംഘം; രൂപംനൽകി സുപ്രീംകോടതി








































