തിരുവനന്തപുരം: അസം സ്വദേശിയായ 13 വയസുകാരിയെ കാണാതായിട്ട് 24 മണിക്കൂർ പിന്നിട്ടു. പെൺകുട്ടിക്കായി വ്യാപക തിരച്ചിൽ നടത്തുകയാണ്. കുട്ടിയുടെ ചെന്നൈയിലുള്ള സഹോദരനിൽ നിന്ന് പോലീസ് വിവരങ്ങൾ തേടി. കുട്ടി ഈ സഹോദരനെ ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് സഹോദരന്റെ ഫോൺ വിവരങ്ങൾ തേടിയത്.
അതേസമയം, കുട്ടി കന്യാകുമാരിയിൽ തന്നെ ഉണ്ടെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. കന്യാകുമാരിയിൽ തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ കേരള പോലീസ് വ്യാപക തിരച്ചിൽ നടത്തുകയാണ്. സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം പോലീസ് പരിശോധിച്ചു. പെൺകുട്ടിയെ കണ്ടതായി കന്യാകുമാരിയിലെ ഓട്ടോറിക്ഷ തൊഴിലാളികൾ പോലീസിന് വിവരം നൽകിയിരുന്നു.
രാവിലെ 5.30ന് സ്‌റ്റേഷന്റെ പുറത്ത് കുട്ടി നിൽക്കുന്നത് കണ്ടതായാണ് പോലീസിന് വിവരം ലഭിച്ചത്. കുട്ടി ബീച്ച് ഭാഗത്തേക്ക് പോകാനുള്ള സാധ്യത കണക്കിലെടുത്ത് പരിശോധന നടത്തുന്നുണ്ട്. ഇന്നലെ രാവിലെ പത്തരയോടെയാണ് കഴക്കൂട്ടത്തെ വീട്ടിൽ നിന്ന് പെൺകുട്ടിയെ കാണാതായത്. സഹോദരങ്ങളുമായി വഴക്കുണ്ടാക്കിയതിന് അമ്മ വഴക്കുപറഞ്ഞതിനാണ് പെൺകുട്ടി വീടുവിട്ടിറങ്ങിയത്.
Most Read| കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്‌ടം; ട്രെയിനുകൾ വൈകിയോടുന്നു








































