പാലക്കാട്: കണ്ണാടി ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം ശക്‌തം. പല്ലൻ ചാത്തന്നൂരിലെ 14 വയസുകാരൻ അർജുനാണ് ആത്‍മഹത്യ ചെയ്‌തത്. അർജുനെ അധ്യാപിക ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.
അധ്യാപികയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സ്‌കൂളിൽ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. ഒന്നരവർഷം ജയിലിൽ കിടത്തുമെന്ന് അധ്യാപിക ഭീഷണിപ്പെടുത്തിയെന്നാണ് അർജുന്റെ കുടുംബം ആരോപിക്കുന്നത്. ക്ളാസ് അധ്യാപിക അർജുനെ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്നും കുടുംബം ആരോപിക്കുന്നു.
അധ്യാപികയ്‌ക്കെതിരെ കുഴൽമന്ദം പോലീസിൽ പരാതി നൽകുമെന്ന് കുടുംബം അറിയിച്ചിട്ടുണ്ട്. ഇൻസ്‌റ്റാഗ്രാമിൽ കുട്ടികൾ തമ്മിൽ മെസേജ് അയച്ചതിന് അധ്യാപിക അർജുനെ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം പറയുന്നത്. സൈബർ സെല്ലിൽ പരാതി നൽകുമെന്നും ജയിലിലിടുമെന്നും അധ്യാപിക കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നും കുടുംബം ആരോപിക്കുന്നു. എന്നാൽ, ആരോപണങ്ങൾ തള്ളി സ്‌കൂൾ മാനേജ്മെന്റ് രംഗത്തുവന്നു. അധ്യാപികയുടെ ഭാഗത്ത് വീഴ്‌ച ഉണ്ടായിട്ടില്ലെന്നാണ് വാദം.
Most Read| ഇലകളില്ല, തണ്ടുകളില്ല; ഭൂമിക്കടിയിൽ വളരുന്ന അപൂർവയിനം പൂവ്