വയനാട്: പുൽപ്പള്ളിയിൽ വയോധികന്റെ ആസിഡ് ആക്രമണത്തിൽ 14 വയസുകാരിയായ സ്‌കൂൾ വിദ്യാർഥിനിക്ക് പരിക്ക്. മുഖത്ത് സാരമായി പൊള്ളലേറ്റ വിദ്യാർഥിനിയെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമിക ശുശ്രൂഷകൾ നൽകിയ ശേഷം വിദഗ്‌ധ ചകിൽസയ്‌ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ആസിഡ് ആക്രമണത്തിൽ കുട്ടിയുടെ കാഴ്‌ചയ്‌ക്ക് തകരാർ ഉണ്ടായതായാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചന. സംഭവത്തിൽ അയൽവാസിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പുൽപ്പള്ളി മരകാവ് പ്രിയദർശിനി ഉന്നതിയിലെ മണികണ്‌ഠന്റെ മകൾ മഹാലക്ഷ്‌മിയാണ് ആസിഡ് ആക്രമണത്തിന് ഇരയായത്.
കുട്ടിക്ക് നേരെ ആസിഡ് ഒഴിച്ച അയൽവാസി വെട്ടറമ്മൽ രാജു ജോസിനെ (55) പുൽപ്പള്ളി പോലീസ് അറസ്‌റ്റ് ചെയ്‌തു. വേലിയമ്പം ദേവി വിലാസം ഹൈസ്‌കൂൾ വിദ്യാർഥിനിയാണ് മഹാലക്ഷ്‌മി. വെള്ളിയാഴ്‌ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. പെൺകുട്ടി വീട്ടിലെത്തിയതിന് പിന്നാലെ അവിടെയെത്തിയ പ്രതി ആസിഡ് ഒഴിക്കുകയായിരുന്നു എന്നാണ് വിവരം.
സ്‌റ്റുഡന്റ് പോലീസ് കേഡറ്റായ പെൺകുട്ടിയോട് അതിന്റെ യൂണിഫോം ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ വിരോധം മൂലമാണ് ഈ ആക്രമണം നടത്തിയതെന്നാണ് മൊഴി. രാജു ജോസിന് മാനസിക പ്രശ്‌നമുള്ളതായി കരുതുന്നതായും സംഭവത്തിന് പിന്നിൽ മറ്റു കാരണങ്ങളുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്നും പുൽപ്പള്ളി പോലീസ് അറിയിച്ചു.
Most Read| ശവസംസ്‌കാര ചടങ്ങിനിടെ 103 വയസുകാരിയുടെ തിരിച്ചുവരവ്; കേക്ക് മുറിച്ച് ആഘോഷിച്ച് ബന്ധുക്കൾ





































