ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് നാളെ കർഷക സംഘടനകൾ ആഹ്വാനം ചെയ്‌ത ഭാരത് ബന്ദ് നടക്കാനിരിക്കെ നോയിഡയിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം തടയാനെന്ന പേരിലാണ് ഗൗതം ബുദ്ധ നഗറിൽ നിരോധനാജ്‌ഞ ഏർപ്പെടുത്തിയതെങ്കിലും ഡെൽഹി അതിർത്തിയിലേക്ക് കൂടുതൽ കർഷകർ എത്തുന്നത് തടയുകയാണ് ഇതിന്റെ ഉദ്ദേശ്യമെന്ന് ആക്ഷേപം ഉയരുന്നുണ്ട്. ജനുവരി രണ്ട് വരെയാണ് നിരോധനാജ്‌ഞ പ്രഖ്യാപിച്ചത്.
അതേസമയം, കർഷക സംഘടനകൾ ആഹ്വാനം ചെയ്‌ത ബന്ദിന് പൂർണ പിന്തുണ നൽകുന്നതായി പഞ്ചാബിലെ ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ അറിയിച്ചു. നേരത്തെ ബുക്ക് ചെയ്‌ത കല്യാണവും മറ്റു പരിപാടികളുമെല്ലാം റദ്ദാക്കികൊണ്ടാണ് അസോസിയേഷനില്‍ അംഗങ്ങളായ എല്ലാ സ്‌ഥാപനങ്ങളും കര്‍ഷകര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഡെൽഹി ചരക്ക് ഗതാഗത അസോസിയേഷനും ഇന്ത്യാ ടൂറിസ്‌റ്റ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷനും ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മറ്റ് മന്ത്രിമാരും ഇന്ന് ഡെൽഹി-ഹരിയാന അതിർത്തിയിലുള്ള സമരഭൂമി സന്ദർശിക്കുന്നുണ്ട്. ഡിസംബർ 8ന് കർഷക സംഘടനകൾ ആഹ്വാനം ചെയ്‌ത ഭാരത് ബന്ദിന് എഎപി പിന്തുണ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തുടനീളമുള്ള എല്ലാ എഎപി പ്രവർത്തകരും രാജ്യവ്യാപകമായി പണിമുടക്കിനെ പിന്തുണക്കുമെന്ന് ഞായറാഴ്‌ച അരവിന്ദ് കെജ്‌രിവാൾ പറഞ്ഞിരുന്നു. കർഷകരെ പിന്തുണക്കാൻ എല്ലാ പൗരൻമാരോടും കെജ്‌രിവാൾ അഭ്യർഥിക്കുകയും ചെയ്‌തിരുന്നു.
കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് സിംഗു അതിർത്തിയിലും തിക്രി അതിർത്തിയിലുമാണ് കർഷകർ പ്രതിഷേധിക്കുന്നത്. കർഷക പ്രക്ഷോഭം 12ആം ദിവസത്തിലേക്ക് കടന്നപ്പോൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വമ്പിച്ച പിന്തുണയാണ് ലഭിക്കുന്നത്. വിദേശ രാജ്യങ്ങളിലും കർഷകരെ പിന്തുണച്ച് പ്രതിഷേധ പരിപാടികൾ നടക്കുന്നുണ്ട്.
Also Read: പുതിയ പാർലമെന്റ് മന്ദിരം; നിർമ്മാണത്തിന് തിടുക്കം വേണ്ടെന്ന് സുപ്രീം കോടതി







































