പാലക്കാട്: പാലക്കാട് ഡിവിഷനിൽ ട്രെയിൻ ഇടിച്ച് മരിച്ചവരുടെ എണ്ണത്തിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് അഞ്ച് മടങ്ങ് വർധനവ് ഉണ്ടായതായി ആർപിഎഫ് കമാൻഡന്റ് ജെതിൻ ബി രാജ്. ഡിവിഷന് കീഴിൽ കഴിഞ്ഞ വർഷം ട്രെയിൻ ഇടിച്ച് 162 പേർ മരിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 12 പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. കഴിഞ്ഞ നവംബറിലാണ് ഏറ്റവും കൂടുതൽ മരണം സംഭവിച്ചത്. 38 പേർ. ആളില്ലാ ലെവൽ ക്രോസുകളിൽ ഉണ്ടാകുന്നതിനേക്കാൾ ട്രാക്കിലാണ് അപകടങ്ങളേറെയും.
പല സംഭവങ്ങളിലും അശ്രദ്ധയാണ് പ്രശ്‌നം. ഇതിനെതിരെ റെയിൽവേയും അർപിഎഫും ബോധവൽക്കരണം നടത്തിവരികയാണ്. ട്രാക്കിൽ ആത്‍മഹത്യ ചെയ്യുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ആത്‍മഹത്യ ഇല്ലാതാക്കാനുള്ള ബോധവൽക്കരണം ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ നടത്തണമെന്നാണ് ആർപിഎഫ് ആവശ്യപ്പെടുന്നത്. യാത്രക്കാരുടെ ശ്രദ്ധയ്‌ക്കൊപ്പം സേനയും കൂടുതൽ പ്രതിരോധ നടപടി സ്വീകരിക്കും. കോവിഡ് കാലത്ത് ട്രെയിൻ വഴിയുള്ള കള്ളക്കടത്തും വർധിച്ചിട്ടുണ്ട്. 41.53 കോടിയുടെ നികുതിവെട്ടിപ്പ് തടഞ്ഞു.
കഴിഞ്ഞ വർഷം മാത്രം 167 കഞ്ചാവ് കേസുകളാണ് പിടികൂടിയത്. വിദേശ മദ്യ കടത്തുമായി ബന്ധപ്പെട്ട് 213 കേസുകളും രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. 41 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടിയിട്ടുണ്ട്. രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 68 കിലോഗ്രാം സ്വർണവും 124 കിലോ വെള്ളിയും പിടികൂടി. രക്ഷിതാക്കൾ ഇല്ലാതെ റെയിൽവെ സ്‌റ്റേഷനിൽ എത്തിയ 109 കുട്ടികളെ ചൈൽഡ്‌ലൈൻ സഹായത്തോടെ വീടുകളിൽ എത്തിച്ചതായും ആർപിഎഫ് അറിയിച്ചു.
Most Read: കോവിഡ് രൂക്ഷം: എല്ലാ സ്വകാര്യ ഓഫീസുകൾക്കും വർക്ക് ഫ്രം ഹോം മാത്രം; ഡെൽഹി