ശ്രീനഗർ: ജമ്മു കശ്‌മീരിലെ കുൽഹാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ കൂടി വധിച്ച് സുരക്ഷാസേന. ഒരു സൈനികന് ഏറ്റുമുട്ടലിൽ പരിക്കേറ്റിട്ടുണ്ട്. ‘ഓപ്പറേഷൻ അഖാൽ’ എന്ന പേരിൽ വെള്ളിയാഴ്‌ച മുതൽ ആരംഭിച്ച ഏറ്റുമുട്ടലിൽ ഇതുവരെ അഞ്ച് ഭീകരരെ സേന വധിച്ചു.
തീവ്രവാദികൾ വനമേഖലയിൽ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സൈന്യം തിരച്ചിൽ നടത്തുകയായിരുന്നു. തുടർന്നാണ് ഏറ്റുമുട്ടൽ ഉണ്ടായത്. സൈന്യവും സിആർപിഎഫും ജമ്മു കശ്‌മീർ പോലീസും സംയുക്‌തമായാണ് ഭീകരവിരുദ്ധ ദൗത്യം നടത്തുന്നത്. മേഖലയിൽ ഓപ്പറേഷൻ തുടരുകയാണെന്നാണ് വിവരം.
ദൗത്യം വെള്ളിയാഴ്‌ച രാത്രിയിൽ നിർത്തിവെച്ചെങ്കിലും ശനിയാഴ്‌ച വീണ്ടും ഏറ്റുമുട്ടൽ നടന്നിരുന്നു. ശനിയാഴ്‌ചത്തെ ആക്രമണത്തിൽ മൂന്ന് ഭീകരരെ വധിച്ചിരുന്നു. ലഷ്‌കറെ ത്വയിബയുടെ ഘടകമായ ടിആർഎഫ് ഭീകരവാദികളാണ് ഇവരെന്നാണ് സൈന്യം പറയുന്നത്. കശ്‌മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഷിം മൂസയെ ദിവസങ്ങൾക്ക് മുൻപ് സൈന്യം വധിച്ചിരുന്നു.
Most Read| മദ്യപിച്ചില്ല, ഊതിക്കലിൽ ‘ഫിറ്റാ’യി കെഎസ്ആർടിസി ഡ്രൈവർ; പ്രതി തേൻവരിക്ക!