തിരുവനന്തപുരം: സംസ്‌ഥാനത്തെ 134 ആശുപത്രികളിൽ പൊളിഞ്ഞു വീഴാറായ 225 കെട്ടിടങ്ങൾ ഉണ്ടെന്ന് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. കോട്ടയം മെഡിക്കൽ കോളേജിലെ ദുരന്തത്തിന് പിന്നാലെ ആരോഗ്യവകുപ്പ് ഡയറക്‌ടർ ശേഖരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ പഴക്കംചെന്ന കെട്ടിടമുള്ളത്. 41 എണ്ണം.
തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ 12 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. ഇത് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ആലപ്പുഴയിൽ 37ഉം വയനാട്ടിൽ 14ഉം കെട്ടിടങ്ങൾ അപകടാവസ്‌ഥയിലാണ്. കോഴിക്കോട്ട് എട്ട് ആശുപത്രികളിൽ പഴയ കെട്ടിടങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്. ഇടുക്കിയിലും കാസർഗോഡും ഏഴ് വീതം, കണ്ണൂരിൽ അഞ്ചും മലപ്പുറത്ത് നാലും കെട്ടിടങ്ങളാണ് അപകടാവസ്‌ഥയിലുള്ളത്.
ദുരന്തമുണ്ടായ കോട്ടയത്ത് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കെട്ടിടങ്ങൾ മാത്രമാണ് പട്ടികയിലുള്ളത്. തിരുവനന്തപുരത്ത് പൊളിച്ചുമാറ്റേണ്ട 5 ആശുപത്രി കെട്ടിടങ്ങളാണുള്ളത്. തൈക്കാട് സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ പഴയ ഇൻഫെർട്ടിലിറ്റി ക്ളിനിക്കിന്റെ മുന്നിൽ കോട്ടയം ദുരന്തത്തിന് ശേഷം മുന്നറിയിപ്പ് ബോർഡ് സ്‌ഥാപിച്ചിട്ടുണ്ട്.
അതേസമയം, പല കെട്ടിടങ്ങളിലും ഇപ്പോഴും രോഗികൾ ഉണ്ടെന്നതാണ് ഞെട്ടിക്കുന്നത്. രോഗികളില്ലാത്ത കെട്ടിടങ്ങൾ തുണി വിരിച്ചിടാനും ശുചിമുറിയായി ഉപയോഗിക്കാനും വിശ്രമിക്കാനുമൊക്കെ കൂട്ടിരിപ്പുകാർ ഉപയോഗിക്കുന്നതും അപകടസാധ്യത ഇരട്ടിയാക്കുന്നു.
Most Read| ഇനി ജാനകി. വി; പേരുമാറ്റം അംഗീകരിച്ച് നിർമാതാക്കൾ, കേസ് ബുധനാഴ്‌ച വീണ്ടും പരിഗണിക്കും