ന്യൂഡൽഹി: സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള 74 വർഷത്തെ ചരിത്രത്തിൽ ആദ്യമായി പാക് അതിർത്തിയിലെ മേഖലകളിൽ വൈദ്യുതി എത്തിച്ച് കേന്ദ്രസർക്കാർ. കശ്‌മീരിൽ നിയന്ത്രണരേഖക്ക് സമീപമുള്ള കുപ്‍വാര ജില്ലയിലെ കെരാൻ, മാച്ചിൽ എന്നീ പ്രദേശങ്ങളിലാണ് 24 മണിക്കൂർ വൈദ്യുതി ലഭിച്ചത്. അതിർത്തി വികസനത്തിന്റെ ഭാഗമായാണ് വൈദ്യുതി വിതരണം ആരംഭിച്ചത്.
ആദ്യഘട്ടം എന്ന നിലയിൽ കെരാനിൽ സ്വാതന്ത്ര്യദിനത്തിലാണ് വൈദ്യുതി ലഭിക്കുന്നത്. ബുധനാഴ്ച വൈദ്യുതി എത്തിയതോടെ കെരാന് ശേഷം 24 മണിക്കൂർ വൈദ്യുതി ലഭിക്കുന്ന രണ്ടാമത്തെ ഗ്രാമമായി മാച്ചിൽ മാറി. കൂടുതൽ പ്രദേശങ്ങളിലേക്ക് വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു എന്നും അടുത്ത വർഷത്തോടെ എല്ലാ അതിർത്തി പ്രദേശങ്ങളിലും വൈദ്യുതി ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്നും ഊർജവകുപ്പ്- കശ്മീർ പ്രിൻസിപ്പൽ സെക്രട്ടറി രോഹിത് കൻസൽ പറഞ്ഞു.
ഇതുവരെ മാച്ചിൽ മേഖലയിലെ 20 ഗ്രാമങ്ങളിൽ ഡീസൽ ജനറേറ്റർ വഴിയാണ് വൈദ്യുതി ലഭ്യമാക്കിയിരുന്നത്. എന്നാൽ ഇനി മുതൽ വൈദ്യുതി ഗ്രിഡുകളിലൂടെ 24 മണിക്കൂർ വൈദ്യുതി ഇവർക്ക് ലഭിക്കും. ഒൻപത് ഗ്രാമങ്ങൾക്ക് വൈദ്യുതി നൽകിയാണ് ആരംഭിച്ചത്, എന്നാൽ അടുത്ത 20 ദിവസത്തിനുള്ളിൽ ബാക്കിയുള്ള എല്ലാ ഗ്രാമങ്ങളിലും ഗ്രിഡ് വഴി വൈദ്യുതി ലഭ്യമാക്കുമെന്ന് കുപ്‍വാര ജില്ല കളക്ടർ അറിയിച്ചു.
കെരാനെ പോലെ തന്നെ മാച്ചിലിലും മൂന്ന് മണിക്കൂർ വൈദ്യുതിയാണ് മുൻപ് ലഭിച്ചുകൊണ്ടിരുന്നത്. ഡീസൽ ജനറേറ്റർ വഴിയുള്ള വൈദ്യുതിക്ക് ഡീസൽ ലഭ്യത, വിതരണം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പക്ഷേ, വൈദ്യുത ഗ്രിഡുകൾ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമായി.
കുപ്‍വാര ജില്ലയിൽ നിന്ന് 65 കിലോമീറ്റർ അകലെയാണ് മാച്ചിൽ. വർഷത്തിൽ 6 മാസവും മറ്റിടങ്ങളിൽ നിന്ന് ഒറ്റപ്പെട്ട അവസ്ഥയിലായിരിക്കും ഈ പ്രദേശം. നിയന്ത്രണരേഖക്ക് സമീപത്തായതിനാൽ ഭീകരരുടെ നുഴഞ്ഞുകയറ്റവും ഇവിടെ റിപ്പോർട് ചെയ്യാറുണ്ട്. പാക് ഷെല്ലിംഗ് ഉണ്ടാകുന്ന മേഖല കൂടിയാണിത്. വൈദ്യുതി എത്തിയത് സുരക്ഷാപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ സഹായിക്കുമെന്ന് അധികൃതർ പറയുന്നു. ജമ്മു കശ്മീരിലെ വൈദ്യുതി വിതരണത്തിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ പാക്കേജായി 4000 കോടി അനുവദിച്ചിട്ടുണ്ട്.