ശ്രീനഗര്‍ : 3ജി, 4ജി ഇന്റെര്‍നെറ്റ് സേവനങ്ങളുടെ വിലക്ക് ജമ്മു കശ്‌മീരില്‍ വീണ്ടും നീട്ടി. വിലക്ക് തുടരുമെന്ന് വ്യക്‌തമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഇതിനോടകം ഉത്തരവ് പുറത്തിറക്കി. ഈ മാസം 26 ആം തീയതി വരെ വിലക്ക് തുടരുമെന്നാണ് ഉത്തരവില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്‌തമാക്കുന്നത്. ഗന്തര്‍ബാല്‍, ഉധംപൂര്‍ എന്നീ ജില്ലകള്‍ ഒഴികെ എല്ലായിടത്തും വിലക്ക് ഉണ്ടാകുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
ജമ്മു കശ്‌മീരില്‍ കഴിഞ്ഞ വര്‍ഷത്തോടെയാണ് ഇന്റര്‍നെറ്റ് സേവനകൾക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ജമ്മു കശ്‌മീരിന്റെ പ്രത്യേക ഭരണഘടനാ പദവി ഒഴിവാക്കിയതിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. ഇതിനെതിരെ നിരവധി പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിലക്കിയതിനെതിരെ സുപ്രീംകോടതിയില്‍ നിരവധി ഹരജികള്‍ സമര്‍പ്പിച്ചു. ഹരജികള്‍ പരിഗണിച്ച സുപ്രീംകോടതി വിലക്ക് ഏര്‍പ്പെടുത്തിയത് നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്ന് വിധിച്ചു.
തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ജമ്മു കശ്‌മീരില്‍ 2ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്‌ഥാപിക്കാനുള്ള തീരുമാനത്തിലെത്തി. എങ്കിലും 3ജി, 4ജി സേവനങ്ങളുടെ വിലക്ക് വീണ്ടും തുടരുമെന്ന് സര്‍ക്കാര്‍ വ്യക്‌തമാക്കി. ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷം കശ്‌മീർ ജനത വീണ്ടും സാധാരണ നിലയിലേക്ക് എത്തിയെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്ന സാഹചര്യത്തിലും ഇന്റര്‍നെറ്റ് സേവനങ്ങളുടെ മേല്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്.
Read also : കേന്ദ്രത്തിന്റെ ദുരന്ത സഹായം 6 സംസ്‌ഥാനങ്ങൾക്ക്; കേരളത്തിന് ഇല്ല