ഹരിദ്വാർ : കുംഭമേളയിൽ പങ്കെടുത്ത ആയിരത്തിൽ അധികം ആളുകൾക്ക് കോവിഡ് സ്‌ഥിരീകരിച്ചതായി റിപ്പോർട്. 1,701 പേർക്കാണ് കുംഭമേളയിൽ പങ്കെടുത്തതിന് പിന്നാലെ കോവിഡ് സ്‌ഥിരീകരിച്ചത്. ഒപ്പം തന്നെ ഒരാൾ കോവിഡ് ബാധിച്ചു മരിക്കുകയും ചെയ്‌തിട്ടുണ്ട്. നിർവ്വാണി അഖാഡാ അംഗം മഹാമണ്ഡലേശ്വർ കപിൽദേവ് ആണ് കോവിഡിനെ തുടർന്ന് മരിച്ചത്.
ഹരിദ്വാറിൽ നടന്നു വരുന്ന കുംഭമേളയിൽ പങ്കെടുത്തതിന് പിന്നാലെ മഹാമണ്ഡലേശ്വർ കപിൽദേവ് കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഇന്നാണ് അദ്ദേഹത്തിന്റെ മരണം സ്‌ഥിരീകരിച്ചത്.
രാജ്യത്ത് നിലവിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്തുകൊണ്ട് കുംഭമേള നടക്കുകയാണ്. രോഗവ്യാപനം കണക്കിലെടുത്ത് മേള നേരത്തെ അവസാനിപ്പിക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും അതിന് വേണ്ട നടപടികൾ ഇതുവരെ സ്വീകരിച്ചിട്ടില്ല. അതിനാൽ തന്നെ ഏപ്രിൽ 30ആം തീയതി വരെ കുംഭമേള തുടരുമെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്. കൂടാതെ മേളയുടെ ഭാഗമായി കഴിഞ്ഞ ദിവസം വരെ ഏകദേശം 10 ലക്ഷം പേർ ഗംഗയുടെ തീരത്ത് സ്‌നാനം ചെയ്യാൻ എത്തിയെന്നാണ് സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നത്.
Read also : രാജ്യത്തിന് ഒരു വനിതാ ചീഫ് ജസ്‌റ്റിസ് വേണം; എസ്എ ബോബ്‌ഡെ