പനജി: ഗോവയിലെ ഷിർഗാവിൽ ക്ഷേത്രോൽസവത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് ആറുപേർ മരിച്ചു. അമ്പതിലധികം പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 4.30ഓടെയാണ് അപകടമുണ്ടായത്. വടക്കൻ ഗോവയിലെ ഷിർഗാവോയിലുള്ള ലൈരായി ദേവി ക്ഷേത്രത്തിലെ ഉൽസവത്തിനോട് അനുബന്ധിച്ചുള്ള ഘോഷയാത്രയ്‌ക്കിടെയാണ് അപകടം.
ഘോഷയാത്രയ്‌ക്കിടെ ചിലർക്ക് വൈദ്യുതാഘാതമേറ്റെന്നും ഇതാണ് ജനങ്ങളുടെ പെട്ടെന്നുള്ള പരിഭ്രാന്തിക്ക് വഴിവെച്ചതെന്നും സൂചനയുണ്ട്. എന്നാൽ, അപകടത്തിലേക്ക് നയിച്ച കാരണം സംബന്ധിച്ച് ഔദ്യോഗിക സ്‌ഥിരീകരണമില്ല. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വടക്കൻ ഗോവ എസ്‌പി അക്ഷത് കൗശൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും അനുശോചനം രേഖപ്പെടുത്തി. അഗാധമായ വിഷമമുണ്ടെന്നും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രമോദ് സാവന്ത് ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു. പരിക്കേറ്റവരിൽ കുറച്ചുപേരുടെ നില ഗുരുതരമാണ്.
ക്ഷേത്രത്തിൽ വർഷംതോറും നടക്കുന്ന ഉൽസവത്തിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് ആളുകളാണ് എത്തുക. ഗോവയ്‌ക്ക് പുറമെ മഹാരാഷ്‌ട്രയിൽ നിന്നും കർണാടകയിൽ നിന്നുമാണ് കൂടുതൽ ഭക്‌തർ എത്താറുള്ളത്. തിരക്ക് നിയന്ത്രിക്കാൻ കൃത്യമായ സംവിധാനങ്ങൾ ഇല്ലാത്തതാണ് ദുരന്തത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ