തിരുവനന്തപുരം : സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന ശക്തമായ മഴ ബുധനാഴ്ച വരെ ഉണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന പുതിയ ന്യൂനമര്‍ദ്ദമാണ് മഴ വീണ്ടും ശക്തി പ്രാപിക്കാന്‍ കാരണം. മഴ കനക്കുന്നതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉരുള്‍ പൊട്ടാന്‍ സാധ്യത ഉള്ള മേഖലകളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
വടക്കന്‍ ജില്ലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴയാണ് പെയ്‌തത്. അവിടെ മഴ ഇനിയും തുടരുമെന്നാണ് സൂചന. മഹാരാഷ്‌ട്ര തീരം മുതല്‍ വടക്കന്‍ കേരളത്തിന്റെ തീരം വരെ അറബിക്കടലില്‍ തുടരുന്ന ന്യൂനമര്‍ദ്ദം മഴ ശക്തമായി തന്നെ തുടരാന്‍ കാരണമാണ്.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം തന്നെ ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വടക്കന്‍ ജില്ലകളിലാണ് ശക്തമായ മഴ തുടരുന്നത്. അതിനാല്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതും അനിവാര്യമാണ്.
തീരപ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍ക്കും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒപ്പം 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.







































