കണ്ണൂര്‍: ജില്ലയില്‍ കഴിഞ്ഞ ദിവസം വഴിയോര കച്ചവടക്കാരന്റെ വണ്ടിയില്‍ പോലീസ് ചവിട്ടിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. മാര്‍ക്കറ്റില്‍ തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിന്റെ പേരിലാണ് പോലീസിന്റെ അതിക്രമം അരങ്ങേറിയത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. വഴിയോര കച്ചവടക്കാരന് വില്ക്കാന് വെച്ചിരുന്ന പഴവര്‍ഗങ്ങളാണ് പോലീസ് ചവിട്ടി തെറിപ്പിച്ചത്. കച്ചവടക്കാരന് ഹൃദ്രോഗി കൂടിയായിരുന്നു.
അന്നന്ന് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് ജീവിതം പുലര്‍ത്തുന്ന തെരുവ് കച്ചവടക്കാരോട് കോവിഡിന്റെ മറവില്‍ പോലീസ് നടത്തുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് വഴിയോര കച്ചവട ക്ഷേമ സമിതി ആവശ്യപ്പെട്ടു.
‘ഹൃദ്രോഗിയായ കച്ചവടക്കാരന്റെ വില്‍പ്പന വസ്തുക്കളെല്ലാം നീതിയും നിയമവും പരിപാലിക്കേണ്ടവര്‍ തന്നെ നശിപ്പിക്കുന്ന കാഴ്ച മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. ലോക്ക്ഡൗണ്‍ മൂലം ദീര്‍ഘകാലം വീട്ടിലിരിക്കേണ്ട കച്ചവടക്കാരന് ഗതിമുട്ടിയപ്പോഴാണ് കടം വാങ്ങിയ പഴങ്ങളുമായി കച്ചവടത്തിന് തെരുവിലെത്തിയത്. പോലീസ് പുറംകാല് കൊണ്ട് ചവിട്ടി തെറിപ്പിച്ചത് കേവലം ഫലവര്‍ഗ്ഗങ്ങള്‍ മാത്രമല്ല, കയ്യില്‍ ചെറിയ പൊതിയുമായി വീട്ടിലേക്ക് മടങ്ങി വരുന്ന പിതാവിനെ കാത്ത് കഴിയുന്ന മക്കളുടെയും കുടുംബത്തിന്റെ ജീവിതം തന്നെയാണന്ന് അധികാരികള്‍ മനസിലാക്കണം,’ വഴിയോര കച്ചവട ക്ഷേമസമിതി സംസ്ഥാന സെക്രട്ടറി സുബൈര്‍ ഇരിട്ടി, ജില്ലാ പ്രസിഡന്റ് എന്‍. എം. ശഫീഖ് എന്നിവര്‍ വ്യക്തമാക്കി.
എന്നാല്‍, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കച്ചവടം നടത്തിയവരെ ഒഴിപ്പിക്കുകയാണ് ചെയ്തതെന്ന് പോലീസ് പറയുന്നു. ഇതിനോടകം തന്നെ മാര്‍ക്കറ്റിലെ നിരവധി കച്ചവടക്കാര്‍ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചിട്ടുണ്ടെന്നും അതിനാല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വഴിയോര കച്ചവടം നിര്‍ത്തി വെച്ചിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.







































