തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ പൈതൃകം നിലനിർത്തുന്ന ജംബോ കമ്മിറ്റി തന്നെ ഇക്കുറിയും നിലവിൽ വരുമെന്ന് ഉറപ്പായി. 96 സെക്രട്ടറിമാരെയും 10 ജനറൽ സെക്രട്ടറിമാരെയും ഉൾപ്പെടുത്തിയാണ് അന്തിമ പട്ടിക എഐസിസിക്ക് കൈമാറിയത്. എന്നാൽ യുഡിഎഫ് കൺവീനർ ബെന്നി ബെഹനാന്റെ അസാന്നിധ്യം പുതിയ ചർച്ചകൾക്ക് തുടക്കമിട്ടു.
175 പേർ അടങ്ങുന്ന നിർവാഹക സമിതിയിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ഉൾപ്പെടുന്നു. നിലവിലെ 60 പേർ അടങ്ങുന്ന കമ്മിറ്റിക്ക് പുറമെയാണ് പുതിയ ഭാരവാഹികളെ കൂടി ഉൾപ്പെടുത്തി പട്ടിക വിപുലീകരിച്ചത്. കെപിസിസി നൽകിയ നിർവാഹക സമിതിയിൽ നിന്നും 28 പേരെ ഒഴിവാക്കിയാണ് പുതിയ പട്ടിക അംഗീകരിച്ചത്.
84 സെക്രട്ടറിമാർ അധികമാണെന്ന് പറഞ്ഞു തിരിച്ചയച്ച പട്ടിക പിന്നീട് 96 പേരടങ്ങുന്ന കമ്മിറ്റിയായപ്പോൾ ഹൈക്കമാൻഡ് അംഗീകരിച്ചു. സ്ത്രീ പ്രാതിനിധ്യവും കുറവാണെന്ന് എഐസിസി ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ നിലവിലെ 44 ജനറൽ സെക്രട്ടറിമാരിൽ 3 പേർ മാത്രമാണ് വനിതകൾ.9 സെക്രട്ടറി, ഒരു വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ മാത്രമേ വനിതകൾ ഉള്ളൂ. പുതിയ പട്ടികയിൽ ദീപ്‌തി മേരി വർഗീസ്, മുൻ മന്ത്രി പികെ ജയലക്ഷ്‌മി എന്നിവരും ഉൾപ്പെട്ടിട്ടുണ്ട്.







































