പാലക്കാട് : നഗരപരിധിയിൽ ആരംഭിച്ച അഭയ കേന്ദ്രത്തിലെ 99 ശതമാനം ആളുകളും കോവിഡ് നെഗറ്റീവ്. നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നവരെ സുരക്ഷിതമായി പാർപ്പിക്കാൻ കോവിഡ് കാലത്ത് നഗരസഭ ആരംഭിച്ചതാണ് അഭയ കേന്ദ്രം. നിലവിൽ ഇവിടെ ഒരാൾക്ക് മാത്രമാണ് രോഗം സ്‌ഥിരീകരിച്ചത്. ഇയാളെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടാതെ ഇയാൾക്കൊപ്പം കേന്ദ്രത്തിൽ എത്തിയ ആളുകളെ നിലവിൽ പ്രത്യേക നിരീക്ഷണത്തിലാക്കുകയും ചെയ്‌തിട്ടുണ്ട്.
നഗരപരിധിയിലുള്ള ബിഇഎം സ്‌കൂളിലാണ് അഭയ കേന്ദ്രം പ്രവർത്തിക്കുന്നത്. നിലവിൽ ഇവിടെ 45 പേരാണ് കഴിയുന്നത്. നേരത്തെ 61 ആളുകൾ വരെ ഇവിടെ ഉണ്ടായിരുന്നു. ഇവരിൽ ചിലരൊക്കെ സ്വന്തം നാടുകളിലേക്ക് മടങ്ങിയതോടെയാണ് ആളുകളുടെ എണ്ണത്തിൽ കുറവ് ഉണ്ടായത്. പൊതു സ്‌ഥലങ്ങളിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നവരിൽ കോവിഡ് ബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തിലാണ് നഗരസഭയുടെ നേതൃത്വത്തിൽ അഭയ കേന്ദ്രം തുടങ്ങാൻ തീരുമാനമായത്.
നഗരത്തിൽ പലയിടങ്ങളിലായി അലഞ്ഞു തിരിഞ്ഞു നടക്കുന്ന ആളുകളെ ആദ്യം നിരീക്ഷണ കേന്ദ്രത്തിൽ എത്തിക്കും. തുടർന്ന് കോവിഡ് പരിശോധന നടത്തി ഫലം ലഭിച്ച ശേഷം അഭയ കേന്ദ്രത്തിലേക്ക് മറ്റും. തുടർന്ന് ഇവർക്കുള്ള ഭക്ഷണവും മറ്റും നഗരസഭയുടെ നേതൃത്വത്തിലാണ് എത്തിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ലോക്ക്ഡൗൺ കഴിയുന്നത് വരെ അഭയ കേന്ദ്രത്തിന്റെ പ്രവർത്തനം തുടരുമെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്.
Read also : കാരശ്ശേരി ആദിവാസി മേഖലകളിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു








































