തിരുവനന്തപുരം: സ്‌ത്രീധനത്തിനെതിരെ സംസ്‌ഥാന വ്യാപകമായി ക്യാംപയിൻ ആരംഭിച്ച് ഡിവൈഎഫ്‌ഐ. സ്‌ത്രീധനം വാങ്ങില്ല, കൊടുക്കില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ക്യാംപയിന് തുടക്കം കുറിച്ചിരിക്കുന്നത്. ഇനിയൊരു പെൺകുട്ടിയുടെ ജീവനും സ്‌ത്രീധനം എന്ന ദുരാചാരത്തിന്റെ പേരിൽ പൊലിഞ്ഞു പോകരുതെന്ന് നാം ഉറക്കെ പ്രഖ്യാപിക്കണമെന്നും ഡിവൈഎഫ്‌ഐ ആഹ്വാനം ചെയ്‌തു.
‘സ്‌ത്രീധനം ഒരു സാമൂഹ്യ തിൻമയാണ്. നിയമം മൂലം നിരോധിക്കപ്പെട്ടെങ്കിലും ഈ ദുരാചാരം ഇപ്പോഴും പെണ്‍കുട്ടികളുടെ ജീവനെടുത്ത് കൊണ്ടിരിക്കുന്നു. അതിലേറെ പെണ്‍കുട്ടികളും അവരുടെ രക്ഷിതാക്കളും ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ക്ക് വിധേയരാക്കപ്പെടുന്നു. ഇതിന് അറുതി വരുത്തേണ്ട സമയമായി. ഇനിയൊരു ജീവനും സ്‌ത്രീധനത്തിന്റെ പേരില്‍ പൊലിഞ്ഞുപോകരുത്. പെണ്‍കുട്ടികള്‍ വിവാഹകമ്പോളത്തിലെ ചരക്കല്ലെന്ന് നാം ഉറക്കെ പ്രഖ്യാപിക്കേണ്ടതുണ്ട്.
നിയമങ്ങള്‍ ഇല്ലാഞ്ഞിട്ടല്ല, സമൂഹം തീരുമാനിക്കാത്തത് കൊണ്ടാണ് സ്‌ത്രീധനമെന്ന അപരിഷ്‌കൃത ആചാരം ഇന്നും തുടരുന്നത്. ഒരു ആണും പെണ്ണും ഒരുമിച്ച് ജീവിക്കുന്നതില്‍ അളന്നുതൂക്കിയ പണത്തിനോ ആര്‍ഭാടത്തിനോ യഥാർഥത്തിൽ ഒരു സ്‌ഥാനവുമില്ല. സ്‌ത്രീധനം സൃഷ്‌ടിച്ച വലിയ ദുരന്തങ്ങളെ കുറിച്ചുമാത്രമാണ് നാം എപ്പോഴും സംസാരിക്കാറുള്ളത്. എന്നാല്‍ എരിഞ്ഞുജീവിക്കുന്ന പെണ്‍ജീവിതങ്ങള്‍, ഉരുകുന്ന രക്ഷകര്‍ത്താക്കള്‍ ഒട്ടേറെയാണ്. ഇനി ഒരാള്‍ കൂടി സ്‌ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടില്ല എന്ന് നമുക്ക് തീരുമാനിക്കണം’. രാഷ്‌ട്രീയ ഭേദമന്യേ മുഴുവന്‍ പേരും ഈ ക്യാംപയിനിൽ പങ്കാളികളാവണമെന്നും ഡിവൈഎഫ്‌ഐ അഭ്യർഥിച്ചു.
Also Read: ഒരു ജീവൻ കൂടി പൊലിഞ്ഞു; ആലപ്പുഴയിൽ 19കാരി ഭർതൃവീട്ടിൽ മരിച്ചനിലയിൽ