തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന അന്വേഷിക്കുന്ന സിബിഐ സംഘം ഇന്ന് തിരുവനന്തപുരത്തെത്തും. കേസുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ ശേഖരിക്കാനും സാക്ഷികളുടെ മൊഴി എടുക്കാനുമാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
കേസിൽ പ്രതികളുടെ അറസ്‌റ്റ് ഉൾപ്പടെ നിർണായക നീക്കങ്ങൾ ഉണ്ടായേക്കുമെന്ന സൂചനകൾ നിലനിൽക്കുന്നതിനിടെയാണ് സിബിഐ സംഘം ഇന്ന് കേരളത്തിൽ എത്തുന്നത്. നമ്പി നാരായണനിൽ നിന്ന് അന്വേഷണ സംഘം വിശദമായി മൊഴിയെടുക്കും. ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ മുൻ ഡിജിപി സിബി മാത്യൂസ് ഉൾപ്പടെ 18 പേരെ പ്രതി ചേർത്ത് അടുത്തിടെയാണ് തിരുവനന്തപുരം സിജെഎം കോടതിയിൽ സിബിഐ എഫ്‌ഐആർ സമർപ്പിച്ചത്. ഗൂഢാലോചന, കൃത്രിമ തെളിവുണ്ടാക്കൽ എന്നിവയാണ് പ്രതികൾക്ക് എതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.
സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കേസ് സിബിഐ അന്വേഷിക്കുന്നത്. ജസ്‌റ്റിസ് ജയിന്‍ സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശ അംഗീകരിച്ചാണ് സുപ്രീം കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. തിരുവനന്തപുരം വഞ്ചിയൂര്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസുകളാണ് അന്വേഷിക്കുന്നത്.
ജയിന്‍ സമിതി റിപ്പോര്‍ട്ടില്‍ ഗൗരവമേറിയ കണ്ടെത്തലുകളുണ്ടെന്ന് കോടതി പറഞ്ഞിരുന്നു. കേരള പോലീസ് നമ്പി നാരായണനെ കുടുക്കാന്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്നാണ് സിബിഐ അന്വേഷിക്കുക. മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി സിബിഐ റിപ്പോര്‍ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
ജയിന്‍ സമിതിയുടേത് പ്രാഥമിക റിപ്പോര്‍ട്ടാണെന്നും ഇത് അടിസ്‌ഥാനമാക്കി തുടരന്വേഷണം നടത്താമെന്നുമാണ് കോടതി അറിയിച്ചത്. അതേസമയം, ജയിന്‍ സമിതി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്നും സിബിഐ അന്വേഷണത്തിന് മാത്രമേ ഇത് ഉപയോഗിക്കാവൂ എന്നും കോടതി നിര്‍ദ്ദേശം നല്‍കിട്ടുണ്ട്. റിപ്പോര്‍ട് നമ്പി നാരായണനും കൈമാറില്ല.
Read also: ജമ്മുവിലെ ഡ്രോൺ ഭീകരാക്രമണം; സ്‌ഫോടക വസ്‌തുക്കൾ അയച്ചത് ഇന്ത്യയിൽ നിന്നെന്ന് സംശയം







































