കണ്ണൂർ: ആവശ്യത്തിന് മഴ ലഭിക്കാത്തതിൽ ജില്ലയിലെ നെല്ല് കർഷകർ ആശങ്കയിൽ. മഴയുടെ കുറവ് പാനൂർ ബ്ളോക്കിലെ കർഷകരെ ഒന്നടങ്കം പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്. ഇവിടെ കൃഷി ഇറക്കാനാവാതെ 30 ഏക്കറോളം വയലുകളാണ് കള ചെടികളും വെള്ളക്കെട്ടുകളും നിറഞ്ഞ് ഉപയോഗ ശൂന്യമായി കിടക്കുന്നത്.
മെയ് ആദ്യ വാരത്തിൽ പെയ്ത കനത്ത മഴ കാരണം കർഷകർക്ക് ഇവിടെ നിലമൊരുക്കാനോ വിത്ത് വിതക്കാനോ കഴിഞ്ഞിട്ടില്ല. കോവിഡ് കാലം കൂടി ആയതോടെ ഇനി കൃഷി ഇറക്കാൻ സാധിക്കുമോയെന്ന പ്രതിസന്ധിയിലാണ് കർഷകർ. മൊകേരി കൂരാറ പാടശേഖരത്തിലെ 12 ഏക്കർ കൃഷി ഭൂമിയും വെള്ളക്കെട്ട് മൂലം നശിക്കുകയാണ്. കൂടാതെ പാഠശേഖരം മുഴുവൻ കളച്ചെടികൾ വളർന്ന് നിൽക്കുകയാണ്. കുന്നോത്തുംപറമ്പ് പഞ്ചായത്തിലെ കണ്ണങ്കോട് വയലിൽ ഒരേക്കർ ഒഴിച്ച് ബാക്കി ഭാഗങ്ങളിലും കൃഷി ഇറക്കാൻ സാധിച്ചിട്ടില്ല. പുത്തൂർ കല്ലിങ്ങൽ പാടശേഖരത്തിലെ എട്ടേക്കറോളം കൃഷി ഭൂമിയും പാഴായി കിടക്കുകയാണ്.
‘കോവിഡ് പ്രതിസന്ധിക്കൊപ്പം തൊഴിലും ഇല്ലാതായതോടെ ജീവിതം വഴിമുട്ടിയെന്ന് കർഷകർ പറയുന്നു. ഇനി പാടശേഖരങ്ങളിൽ കൃഷി ഇറക്കണമെങ്കിൽ വലിയ തുക വേണ്ടി വരും. ഇത് ഞങ്ങൾക്ക് താങ്ങാനാവില്ലെന്നും, അധികൃതർ ഇടപെട്ട് വേണ്ട ആനുകൂല്യങ്ങൾ നൽകണമെന്നും കർഷകർ ആവശ്യപ്പെട്ടു.





































