തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങള്‍ക്ക് സാര്‍വദേശീയ പ്രസക്തിയുണ്ടെന്ന് മുഖ്യമന്ത്രി. ഗുരുവിന്റെ സന്ദേശങ്ങളെ ഉള്‍ക്കൊള്ളുമ്പോള്‍ മനുഷ്യര്‍ തമ്മില്‍ സാഹോദര്യം പുലര്‍ത്തുന്ന പുതു സമൂഹം പിറക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. തിരുവനന്തപുരത്ത് സാംസ്കാരിക വകുപ്പ് സ്ഥാപിച്ച ശ്രീനാരായണ ഗുരുവിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മറ്റൊരു നവോത്ഥാന നായകനായ ചട്ടമ്പിസ്വാമികള്‍ക്കും തലസ്ഥാന നഗരിയില്‍ സര്‍ക്കാര്‍ സ്മാരകം സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ദുരാചാരങ്ങളും അനാചാരങ്ങളും ഒഴിവാക്കി സമൂഹത്തെ ശുദ്ധീകരിക്കാനാണ് ഗുരു ഇടപെട്ടത്. എന്നാല്‍ ഇവയെല്ലാം ഇപ്പോള്‍ മടങ്ങിവരുന്നത് നാം ഗൗരവത്തോടെ കാണണമെന്നും ഇന്നും മാറ്റമില്ലാതെ തുടരുന്ന ദുരാചാരങ്ങളെ ചെറുത്ത് തോല്‍പ്പിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിക്കും നാം ഗുരുവിനോടു കടപ്പെട്ടിരിക്കുന്നു. കൂടാതെ സംഘടന കൊണ്ട് ശക്തരാകണം എന്ന ശ്രീനാരായണ ഗുരുവിന്റെ സന്ദേശമാണ് കേരളത്തില്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് വേരോട്ടം ഉണ്ടാക്കിയതെന്നും ജാതിക്കും മതത്തിനും അതീതമായ മാനസിക വീക്ഷണമാണ് ഗുരു മുന്നോട്ടു വെച്ച ആശയമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആദ്യമായാണ് ശ്രീനാരായണ ഗുരുവിന്റെ പ്രതിമ സ്ഥാപിക്കുന്നത്. മ്യൂസിയത്തിന് സമീപം ഒബ്സര്‍വേറ്ററി ഹില്ലിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. എട്ടര അടി ഉയരത്തില്‍ ധ്യാന നിരതനായി ഇരിക്കുന്ന ഗുരുവിന്റെ വെങ്കല പ്രതിമ പ്രശസ്ത ശില്പി ഉണ്ണി കാനായി ആണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ പ്രതിമയോട് ചേര്‍ന്ന് 20 സെന്റ് സ്ഥലത്ത് ഗുരുവിന്റെ ആശയങ്ങളും ദര്‍ശനങ്ങളും ആലേഖനം ചെയ്ത പൂന്തോട്ടവും നിര്‍മ്മിക്കും. ചടങ്ങില്‍ വെച്ച് ശില്പി ഉണ്ണി കാനായിയെ മുഖ്യമന്ത്രി ആദരിച്ചു.
ഗുരുവിന്റെ ഏറ്റവും വലിയ സ്മാരകം അദ്ദേഹത്തിന്റെ സന്ദേശങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അമൂര്‍ത്തമായ അത്തരം സ്മാരകങ്ങള്‍ക്കു പുറമെ മൂര്‍ത്തമായ സ്മാരകവും വേണമെന്നും അത് ഗുരുവിലേക്ക് പുതിയ തലമുറയേയും വിദേശികളെയും ആകര്‍ഷിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also: പുറത്താക്കലിലൂടെ നിശബ്ദരാക്കാൻ കഴിയില്ലെന്ന് എംപി എളമരം കരീം







































