പാലക്കാട്: ജില്ലയിൽ മഴയുടെ ശക്‌തി കുറഞ്ഞതോടെ ഭാരതപ്പുഴയുടെ നീരൊഴുക്കും കുറഞ്ഞു. ഇതോടെ പ്ളാസ്‌റ്റിക് മാലിന്യവും, കുളവാഴയും അടിഞ്ഞ് പുഴ വീണ്ടും നീർച്ചാലാവാൻ തുടങ്ങി. കഴിഞ്ഞ ഒരാഴ്‌ചയായി തുടർച്ചയായി പെയ്‌ത ശക്‌തമായ മഴയിൽ ഭാരതപ്പുഴയിലും കൈവഴികളിലും ഒഴുക്ക് വർധിച്ചിരുന്നു. എന്നാൽ, മഴ മാറി നിന്നതോടെ മങ്കര കാളികാവ് ഭാഗത്തെ പുഴ വീണ്ടും കുറ്റി ചെടികളും പുല്ലും മാലിന്യവും നിറഞ്ഞ് കെട്ടി നിൽക്കാൻ തുടങ്ങി.
രത്രികാലങ്ങളിൽ സാമൂഹിക വിരുദ്ധർ പുഴയിലേക്ക് വ്യാപകമായി മാലിന്യം തള്ളുന്നതായി നാട്ടുകാർ പറഞ്ഞു. പുഴ സംരക്ഷണ സമിതി ഉണ്ടായിട്ടും പുഴയിലേക്ക് മാലിന്യം തള്ളുന്നതിന് ഇന്നേവരെ ശ്വാശ്വത പരിഹാരം കാണാനായിട്ടില്ല. നൂറു കണക്കിന് പ്ളാസ്‌റ്റിക് കുപ്പികളും കവറുകളുമാണ് പുഴയിൽ ഉള്ളത്. ഇതോടെ ഇവ കെട്ടികിടന്ന് വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുത്തുകയാണ്. ഇത് മൂലം രൂക്ഷമായ ദുർഗന്ധമാണ് പുഴയുടെ പല ഭാഗങ്ങളിലും നിന്നായി വരുന്നതെന്നും നാട്ടുകാർ പറഞ്ഞു.
മാലിന്യങ്ങൾ നീക്കം ചെയ്‌ത് പുഴയെ സംരക്ഷിക്കാൻ പഞ്ചായത്ത് തലത്തിൽ നടപടി സ്വീകരിക്കണമെന്ന് പരിസ്‌ഥിതി പ്രവർത്തകർ ആവശ്യപ്പെട്ടു. പുഴ സംരക്ഷണം എല്ലാവരുടെയും കടമ ആണെന്നും പരിസ്‌ഥിതി പ്രവർത്തകർ പറഞ്ഞു.
Read Also: എൻസിപി നേതാവിനെതിരെ പീഡന പരാതി; ഇന്ന് യുവതിയുടെ മൊഴിയെടുക്കും







































