കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി ഉത്തരവ്. തുടർച്ചയായി സാക്ഷി വിസ്താരത്തിന് ഹാജരാകാത്തതിനെ തുടർന്നാണ് വിചാരണ കോടതിയുടെ നടപടി. എറണാകുളം ജില്ലാ പോലീസ് സൂപ്രണ്ടിന് ആണ് കോടതി നിർദ്ദേശം നൽകിയത്.
ഇന്ന് രാവിലെ വിഷ്ണുവിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നിട്ടും ഇയാൾ ഹാജരായില്ല. കേസിലെ പത്താം പ്രതിയായിരുന്ന വിഷ്ണു പിന്നീട് മാപ്പുസാക്ഷി ആവുകയായിരുന്നു. കേസിലെ ഒന്നാം പ്രതി പൾസർ സുനി നടൻ ദിലീപിനോട് പണം ആവശ്യപ്പെട്ട് ജയിലിൽ വെച്ച് കത്തെഴുതിയതിന് വിഷ്ണു സാക്ഷിയായിരുന്നു. പിന്നീട് ജയിലിൽ നിന്നിറങ്ങിയ വിഷ്ണു കത്തിന്റെ പകർപ്പ് ദിലീപിന്റെ ഡ്രൈവറായിരുന്ന അപ്പുണ്ണിക്ക് വാട്സാപ് വഴി അയച്ചുനൽകി പണം ആവശ്യപ്പെടുകയായിരുന്നു. കേസിൽ തനിക്കറിയാവുന്ന വിവരങ്ങൾ കൈമാറാമെന്ന് പറഞ്ഞാണ് ഇയാൾ പിന്നീട് മാപ്പുസാക്ഷി ആയത്.
നടിയെ ആക്രമിച്ച കേസിൽ നിലവിൽ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. ഓഗസ്റ്റിൽ വിചാരണ പൂർത്തി ആക്കേണ്ടതായിരുന്നു. എന്നാൽ കോവിഡ് അടക്കമുള്ള പ്രതിസന്ധി കാരണം ഇത് നീണ്ടുപോയി. വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് പ്രത്യേക കോടതി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് പരിഗണിക്കുന്ന സ്പെഷൽ ജഡ്ജ് ഹണി എം വർഗീസാണ് സുപ്രീം കോടതിക്ക് കത്തയച്ചത്. നിലവിലെ ലോക്ക്ഡൗൺ അടക്കമുള്ള സാഹചര്യങ്ങൾ നില നിന്നിരുന്നതുകൊണ്ട് വിചാരണ ഉടൻ പൂർത്തിയാക്കാൻ കഴിയില്ലെന്നായിരുന്നു കത്തിലെ ഉള്ളടക്കം.
ആറ് മാസത്തെ സമയം കൂടി ആവശ്യപ്പെട്ടാണ് സ്പെഷൽ ജഡ്ജ് കത്തയച്ചിരിക്കുന്നത്. ചില നടീനടൻമാരെ സാക്ഷിയായി വിസ്തരിക്കാൻ സമയമെടുക്കുമെന്നും സുപ്രീം കോടതിയെ അറിയിച്ചു.
Most Read: ജാർഖണ്ഡിൽ ജഡ്ജിയെ കൊലപ്പെടുത്തിയ സംഭവം; ശക്തമായ അന്വേഷണം വേണമെന്ന് സുപ്രീം കോടതി







































