തിരുവനന്തപുരം: സംസ്‌ഥാനത്ത് വിദേശ നിർമിത മദ്യത്തിന്റെ വില കൂട്ടിയ സംഭവത്തിൽ അന്വേഷണം നടത്താൻ നിർദ്ദേശം നൽകി എക്‌സൈസ് വകുപ്പ് മന്ത്രി. അന്വേഷണം നടത്തി വിശദമായ റിപ്പോർട് സമർപ്പിക്കാൻ ബെവ്കോ സിഎംഡി യോഗേഷ് ഗുപ്‌തയെ ആണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തരമായി തയാറാക്കിയ പട്ടിക എങ്ങനെ പുറത്തായി, സർക്കാർ അറിയാതെ എങ്ങനെ വില കൂട്ടി എന്നീ കാര്യങ്ങളിൽ ബെവ്കോ സിഎംഡി വിശദീകരണം നൽകേണ്ടി വരും.
വിദേശ നിർമിത മദ്യത്തിന്റെ വില കൂട്ടിയ നിർദ്ദേശം അബദ്ധത്തിലാണ് പുറത്തിറങ്ങിയതെന്നാണ് ഐടി വിഭാഗം നൽകിയ പ്രാഥമിക റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നത്. പുതിയ വില വിവരപ്പട്ടിക അംഗീകരിച്ചിട്ടില്ലെന്നും വിൽപന കേന്ദ്രങ്ങളിലേക്ക് അയക്കാൻ നിർദ്ദേശിച്ചിട്ടില്ലെന്നുമാണ് സിഎംഡിയുടെ നിലപാട്. എന്നാൽ വില വിലരപ്പട്ടിക തയ്യാറാക്കിയത് എന്തിനാണെന്ന് സിഎംഡി വിശദീകരിക്കേണ്ടി വരും.
കഴിഞ്ഞ തിങ്കളാഴ്‌ചയാണ് വില കൂട്ടിയ പട്ടിക വിൽപന കേന്ദ്രങ്ങളിൽ എത്തിയത്. അന്ന് ഉച്ചയോട് കൂടി പുതുക്കിയ വിലക്ക് വിദേശ നിർമിത മദ്യം വിൽക്കാനും ആരംഭിച്ചു. തുടർന്ന് ഉയർന്ന വിലയിലുള്ള മദ്യവിൽപന സിഎംഡിയുടേയും എക്‌സൈസ് വകുപ്പിന്റേയും ശ്രദ്ധയിൽ പെട്ടതോടെ ഉത്തരവ് പിൻവലിക്കുകയായിരുന്നു.
Read also : സാൻഡ് ബാങ്ക്സ് ടൂറിസം പദ്ധതിയുമായി ബന്ധപ്പെടുത്തും; വെള്ളിയാങ്കല്ലിൽ എത്താൻ സുരക്ഷിത മാർഗം ഒരുങ്ങുന്നു







































