ന്യൂഡെൽഹി: രാജ്യത്ത് ഓടുന്ന ട്രെയിനുകളിൽ വൈഫൈ നൽകാനുള്ള പദ്ധതി ഉപേക്ഷിച്ചുവെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ്. ലാഭകരമായ ഒരു പദ്ധതിയല്ല എന്നതിനാലാണ് ഉപേക്ഷിക്കാനുള്ള തീരുമാനമെന്ന് റെയിൽവേ മന്ത്രി ബുധനാഴ്‌ച പാർലമെന്റിനെ അറിയിച്ചു.
ഈ പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി ഹൌറ രാജധാനി എസ്‌ക്‌പ്രസിൽ വൈഫൈ അടിസ്‌ഥാനമാക്കി ഇന്റർനെറ്റ് ലഭ്യമാക്കിയിരുന്നു. ഇത് സാറ്റലൈറ്റ് കമ്യൂണിക്കേഷൻ സാങ്കേതികതയിലൂടെയാണ് നടപ്പിലാക്കിയത്. എന്നാൽ ഇതിന് വേണ്ടുന്ന ചിലവ് വളരെയേറെയാണ്. അതിനാൽ തന്നെ ഇത് ലാഭകരമായ ഒരു സാങ്കേതിക വിദ്യയല്ല.
ഒപ്പം തന്നെ ഉപയോക്‌താക്കൾക്ക് എപ്പോഴും കൃത്യമായ ബാൻറ് വിഡ്ത്തിൽ ഇന്റർനെറ്റ് ലഭ്യമാക്കുവാനും സാധിക്കണമെന്നില്ല. അതിനാൽ ട്രെയിനുകളിൽ നല്ല രീതിയിൽ ഇന്റർനെറ്റ് നൽകാൻ സാധിക്കുന്ന ചിലവ് കുറഞ്ഞ സാങ്കേതിക വിദ്യ കണ്ടെത്തും വരെ ഈ പദ്ധതി ഉപേക്ഷിക്കുകയാണ്; റെയിൽവേ മന്ത്രി പറഞ്ഞു.
2019ൽ അന്നത്തെ റെയിൽവേ മന്ത്രി പീയുഷ് ഗോയലാണ് ട്രെയിനുകളിൽ വൈഫൈ ഇന്റർനെറ്റ് ലഭ്യമാക്കുന്ന പദ്ധതി നടപ്പിലാക്കിയത്. അതേ സമയം രാജ്യത്തെ റെയിൽവേ സ്‌റ്റേഷനുകളിൽ വൈഫൈ സൗജന്യ ഇന്റർനെറ്റ് നൽകുന്ന പദ്ധതി തുടരും.
Read also: പെഗാസസ്; പട്ടികയിൽ ജസ്‌റ്റിസ് അരുൺ മിശ്രയുടെ പേരും




































