സുൽത്താൻബത്തേരി: ചില്ലറ വിൽപനക്കായി കൊളഗപ്പാറ വട്ടത്തിമൂലയിലെ വീട്ടിനുള്ളിൽ സൂക്ഷിച്ച കഞ്ചാവ് പിടികൂടിയ സംഭവത്തിൽ രണ്ടുപേരെ കൂടെ പ്രതി ചേർത്തതായി പോലീസ് അറിയിച്ചു. സുൽത്താൻ ബത്തേരി സ്വദേശി സിസി ജോസ്, മനോജ് അപ്പാട് എന്നിവരെയാണ് കേസിൽ പ്രതിചേർത്തത്.
വീട് ഉടമസ്‌ഥനായ കൃഷ്‌ണന്‍കുട്ടിക്ക് കഞ്ചാവ് സൂക്ഷിക്കാൻ കൊടുത്തത് ഇവരാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി പോലീസ് അറിയിച്ചു. വീട്ടിൽ സൂക്ഷിച്ച 102 കിലോ കഞ്ചാവുമായി വീട്ടുടമയായ കൃഷ്‌ണന്‍കുട്ടിയെ ഇന്നലെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. നാല് ബാഗുകളിലായി 48 പാക്കറ്റുകളിൽ ആയിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
അന്യ സംസ്‌ഥാനങ്ങളിൽ നിന്ന് വൻതോതിൽ ലഹരികൾ ജില്ലയിലേക്ക് എത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇത്തരത്തിലുള്ള ലഹരി മാഫിയകൾ ആദിവാസികളെയും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെയും പ്രലോഭിപ്പിച്ച് കഞ്ചാവ് സൂക്ഷിക്കാന്‍ വീടുകള്‍ കണ്ടെത്തുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് കഴിഞ്ഞ ദിവസം കൊളഗപ്പാറയിൽ നിന്ന് പിടിച്ചെടുത്തത്.
കേസിൽ കൂടുതൽ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം. ജില്ലയിൽ വ്യാപകമായ ലഹരി മാഫിയകളെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു. വയനാട്ടില്‍ ഇത്രയും കിലോ കഞ്ചാവ് ഒരുമിച്ച് പിടിച്ചെടുക്കുന്നത് ഇതാദ്യമാണെന്നാണ് കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്‌ഥര്‍ അറിയിച്ചത്. ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ ആയിരുന്നു പരിശോധന നടത്തിയത്. ജില്ലയിൽ ലഹരി വിരുദ്ധ സ്‌ക്വാഡ് ഒരാഴ്‌ചയായി നടത്തിവരുന്ന പരിശോധന തുടരും.
Read Also: അമരമ്പലത്തും ചാലിയാറിലും, ഒമ്പത് നഗരസഭയിലെ വിവിധ വാർഡുകളിലും ലോക്ക്‌ഡൗൺ







































