പാലക്കാട്: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതോടെ ജില്ലയിലെ ഓപ്പൺ ടൂറിസം കേന്ദ്രങ്ങൾ നാളെ മുതൽ തുറക്കും. നീണ്ട ഇടവേളക്ക് ശേഷമാണ് കേന്ദ്രങ്ങളിൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നത്. കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ ആളുകൾക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. ഇതിന്റെ ഭാഗമായി ഉദ്യോഗസ്‌ഥർ സർക്കാർ നിർദ്ദേശിച്ച രേഖകൾ പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷമായിരിക്കും ആളുകളെ പ്രവേശിപ്പിക്കുക.
ഡിടിപിസിയുടെ നിയന്ത്രണത്തിലുള്ള വാടിക-ശിലാ വാടിക ഉദ്യാനം, മലമ്പുഴ റോക്ക് ഗാർഡൻ, കാഞ്ഞിരപ്പുഴ ഉദ്യാനം, വെള്ളിയാങ്കല്ല് പൈതൃക പാർക്ക്, ശ്രീകൃഷ്‌ണപുരം ബാപ്പുജി ചിൽഡ്രൻസ് പാർക്ക് എന്നിവയും ഡിടിപിസിയുടെയും ജലസേചന വകുപ്പിന്റെയും കീഴിലുള്ള മലമ്പുഴ ഉദ്യാനം, പോത്തുണ്ടി ഉദ്യാനം, മംഗലംഡാം ഉദ്യാനം എന്നിവയാണ് നാളെ മുതൽ തുറന്ന് പ്രവർത്തിക്കുക.
നിയന്ത്രണങ്ങളുടെ ഭാഗമായി 72 മണിക്കൂർ മുൻപ് ആർടിപിസിആർ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ള ആളുകൾ, ആദ്യ ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ച ആളുകൾ, ഒരു മാസം മുൻപ് കോവിഡ് ബാധിച്ച ശേഷം നെഗറ്റീവ് ആയവർ എന്നിവർക്ക് മാത്രമായിരിക്കും ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനം നൽകുക.
Read also: കർശന നിബന്ധനകൾ; ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശകർ കുറഞ്ഞു





































