കണ്ണൂർ: ജില്ലയിലെ മട്ടന്നൂർ മേഖലയിലായി 500 രൂപയുടെ വ്യാജ നോട്ടുകൾ വിനിമയം നടക്കുന്നതായി കണ്ടെത്തി. രണ്ടാഴ്ച മുൻപാണ് ഫെഡറൽ ബാങ്കിന്റെ എടിഎമ്മിൽ നിന്ന് 500 രൂപയുടെ 11 കള്ള നോട്ടുകൾ കണ്ടെത്തിയത്. തുടർന്ന് സംഭവത്തിൽ മട്ടന്നൂർ അഡീഷണൽ എസ്ഐ ഷിബുവിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ബാങ്ക് അധികൃതർ എടിഎം പരിശോധിച്ചപ്പോഴാണ് വ്യാജ നോട്ടുകൾ വരുന്ന ഭാഗത്ത് 11 നോട്ടുകൾ കണ്ടെത്തിയത്. തുടർന്ന് ബാങ്ക് മാനേജർ മട്ടന്നൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ഇയാൾ കോഴിക്കോട്, തൃശൂർ ഭാഗങ്ങളിലായി ഒളിവിൽ കഴിയുകയാണെന്നും, പ്രതി ഉടൻ പിടിയിലാകുമെന്നും പോലീസ് വ്യക്തമാക്കി.
എന്നാൽ ഇയാൾ മറ്റൊരാളെ കൊണ്ടാണ് എടിഎമ്മിൽ പണം നിക്ഷേപിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. നോട്ടുകൾ നിലവിൽ പരിശോധനക്കായി അയച്ചിരിക്കുകയാണ്. കൂടാതെ മട്ടന്നൂർ ടൗണിൽ 500 രൂപയുടെ കള്ളനോട്ടുകൾ ലഭിക്കുന്നുണ്ടെന്ന് വ്യാപാരികളും പരാതി ഉയർത്തുന്നുണ്ട്.
Read also: താലിബാൻ കാബൂളിൽ, അടിപതറി അഫ്ഗാൻ; സൈന്യത്തോട് പിൻമാറാൻ മുന്നറിയിപ്പ്








































