കാബൂൾ: യുഎസ് സൈനിക വിമാനത്തിൽ നിന്ന് വീണ് മരിച്ചവരിൽ അഫ്‌ഗാൻ ഫുട്‍ബോൾ താരവും. 19കാരനായ സാക്കി അൻവാരിയാണ് മരിച്ചത്. അഫ്‌ഗാനിസ്‌ഥാൻ താലിബാൻ നിയന്ത്രണത്തിൽ ആയതിന് പിന്നാലെ രാജ്യം വിടാൻ കാബൂൾ വിമാനത്താവളത്തിൽ ഓടിക്കൂടിയവരിൽ സാക്കി അൻവാരിയും ഉണ്ടായിരുന്നു. മതഭ്രാന്തൻമാരിൽ നിന്ന് രക്ഷനേടാൻ വിമാനത്തിന്റെ ലാൻഡിങ് ഗിയറിലാണ് അൻവാരി കയറിയത്.
പറന്നുയരുന്ന വിമാനത്തിൽ നിന്ന് രണ്ടുപേർ താഴേക്ക് പതിക്കുന്നതിന്റെ ദാരുണദൃശ്യങ്ങൾ തിങ്കളാഴ്‌ചയാണ് പ്രചരിച്ചത്. ഇതിൽ ഒരാൾ സാക്കി അൻവാരി ആയിരുന്നുവെന്നാണ് വിവരം. പതിനാറാം വയസ് മുതൽ ദേശീയ ജൂനിയർ ടീമംഗമായിരുന്നു സാക്കി അൻവാരി.
അതേസമയം, യുഎസ് സൈനിക വിമാനത്തിൽ മനുഷ്യശരീരഭാഗങ്ങൾ കണ്ടെത്തിയ സംഭവത്തിൽ വിശദീകരണം തേടിയപ്പോൾ ജോ ബൈഡൻ നൽകിയ മറുപടി വിവാദമായി. ‘അത് നാലഞ്ച് ദിവസം മുൻപ് നടന്ന സംഭവമല്ലേ’ എന്ന് വളരെ ലാഘവത്തോടെ ആയിരുന്നു ബൈഡന്റെ മറുപടി. അഫ്‌ഗാനിൽ നിന്ന് യുഎസ് സൈന്യം പിൻമാറുമ്പോൾ ഉണ്ടാകുന്ന കുഴപ്പങ്ങൾ ഒഴിവാക്കാനാകില്ലെന്നും ബൈഡൻ പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്‌ച അഫ്‌ഗാനിലെ കാബൂൾ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട യുഎസ് സൈനിക വിമാനത്തിന്റെ ചക്രപഴുത്തിനുള്ളിലാണ് മനുഷ്യശരീരഭാഗം കണ്ടെത്തിയത്. തിങ്കളാഴ്‌ച രാവിലെ യുഎസ് വ്യോമസേന വിമാനം (റീച്ച്885) റൺവേ തൊട്ടതും നൂറുകണക്കിന് അഫ്‌ഗാൻ പൗരൻമാരാണ് ഓടിയെത്തിയത്. വിമാനം വളഞ്ഞ ആൾകൂട്ടത്തിലെ ചിലർ വിമാനചിറകുകളിലും ചക്രപ്പഴുതുകളിലും നിലയുറപ്പിച്ചിരുന്നു.
വിമാനം പറന്നുയർന്നതും ആകാശത്ത് വെച്ച് രണ്ടുപേർ താഴേക്ക് പതിച്ചു. കൂടുതൽ മരണം നടന്നിട്ടുണ്ടോ എന്നറിയാൻ യുഎസ് വ്യോമസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Also Read: പെഗാസസ് അന്വേഷിക്കാൻ മമതയുടെ ജുഡീഷ്യൽ കമ്മീഷൻ; കേന്ദ്രവുമായി നേർക്കുനേർ








































