പാലക്കാട്: ജില്ലയിലെ പാമ്പൂരാമ്പാറയിൽ തോട്ടിലെ വെള്ളത്തിൽ പത പൊങ്ങി. വ്യാഴാഴ്‌ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം തുടങ്ങിയത്. പാമ്പൂരാമ്പാറ തടയണയിൽ വെള്ളം താഴേക്കുവീഴുന്ന സ്‌ഥലത്താണ് പതഞ്ഞു പൊങ്ങാൻ തുടങ്ങിയത്.
ഒരുമണിക്കൂറിനകം ഇത് 15 അടി ഉയരത്തിലും 30 അടിയോളം നീളത്തിലും മഞ്ഞുപോലെ തോട്ടിൽ രൂപപ്പെട്ടു. വെള്ളം വന്നുകൊണ്ടിരിക്കെ രൂപപ്പെട്ട പത കാറ്റ് വന്നതോടെ സമീപത്തെ നെൽപ്പാടങ്ങളിലേക്ക് പാറി വീണു. പതയ്‌ക്ക് പ്രത്യേക ഗന്ധമൊന്നും ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാരനായ എസ് അജിത് പറഞ്ഞു.
കരിപ്പോട് വിരിഞ്ഞിപ്പാടം ഭാഗത്തുനിന്ന് വരുന്ന ഈ തോട് കോളോട് വഴി കൊടുവായൂരിലെ വിവിധ പാടശേഖരങ്ങളിലൂടെ ആണ് ഒഴുകുന്നത്. പല സ്‌ഥലത്തും ആളുകൾ ഈ തോട്ടിലെ വെള്ളം കുളിക്കാനായി ഉപയോഗിക്കാറുണ്ട്. ത്വക്‌രോഗങ്ങൾക്ക് കാരണമാകുന്ന രാസവസ്‌തുക്കൾ ആയിരിക്കുമോ പതയ്‌ക്ക് കാരണമെന്ന് നാട്ടുകാർ ഭയപ്പെടുന്നു. പത കലർന്ന വെള്ളം നെൽ കൃഷിക്ക് ദോഷമാകുമോയെന്ന ആശങ്കയും ഇവർക്കുണ്ട്.
അതേസമയം, വിരിഞ്ഞിപ്പാടത്ത് പഴയ പ്ളാസ്‌റ്റിക് ചാക്കുകൾ കഴുകുന്ന ഒരു സ്വകാര്യ സ്‌ഥാപനമുണ്ടെന്നും അവിടെനിന്നുള്ള രാസവസ്‌തുക്കൾ വെള്ളത്തിൽ കലർന്നതാവാം പതയ്‌ക്ക് കാരണമെന്നും പഞ്ചായത്തംഗം സിവി രഘു പറഞ്ഞു.
Most Read: ആരോഗ്യമന്ത്രിയുടെ ഇടപെടൽ; ഹൈസിന്റെ കുഞ്ഞുഹൃദയത്തിന് പുതുജീവൻ

































