വയനാട്: ജില്ലയിലെ തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം മേഖലയിൽ നാട്ടുകാരെ ഭീതിയിലാക്കി കാട്ടുകൊമ്പൻ. കൃഷികൾ നശിപ്പിക്കുന്നതിനൊപ്പം വീടുകൾക്ക് നേരെയും ആക്രമണം ഉണ്ടാകുന്ന സാഹചര്യമാണ് നിലവിൽ. ഇതോടെയാണ് പ്രദേശവാസികൾ ആശങ്കയിലായത്. കഴിഞ്ഞ ദിവസം രാവിലെ പ്രദേശത്തുള്ള പുഷ്‌പന്റെ വീടിന് നേരെ ആന പാഞ്ഞെത്തിയിരുന്നു. എന്നാൽ ഇത് കണ്ട് നാട്ടുകാർ ബഹളം വച്ചതോടെ ആന പിന്തിരിയുകയായിരുന്നു.
ജില്ലയിലെ കാട്ടിക്കുളം, ചേലൂർ, രണ്ടാം ഗേറ്റ് എന്നീ പ്രദേശങ്ങളിൽ പതിവായി നാശം വിതയ്‌ക്കുന്നത് ഈ കൊമ്പനാണെന്ന് നാട്ടുകാർ വ്യക്‌തമാക്കുന്നുണ്ട്. രാത്രി നാട്ടിലിറങ്ങുമ്പോൾ ടോർച്ചടിച്ചാൽ ആളുകളുടെ നേരെ ഈ ആന പാഞ്ഞടുക്കുമെന്ന് ആളുകൾ പറയുന്നു. നേരത്തെ രാത്രിയിലാണ് കാട്ടാന നാട്ടിലിറങ്ങി നാശം വിതച്ചിരുന്നതെങ്കിൽ ഇപ്പോൾ പകലും പുറത്തിറങ്ങാൻ സാധിക്കാത്ത സ്‌ഥിതിയാണ്.
ഇതിനോടകം തന്നെ ആനയുടെ മുന്നിൽ അകപ്പെട്ട നിരവധി ആളുകൾ തലനാരിഴയ്‌ക്കാണ് രക്ഷപെട്ടത്. വന്യമൃഗങ്ങളുടെ ശല്യം പ്രതിദിനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇതിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Read also: മെഗാ വാക്‌സിനേഷൻ ക്യാമ്പ് നിർത്തിവെച്ച് പൊന്നാനി നഗരസഭ







































