അഭിനയ സാധ്യതകളുടെ പുതിയ തലങ്ങളുമായി ഇന്ദ്രൻസ് എത്തുന്ന സിനിമയാണ് ‘സൈലന്റ് വിറ്റ്നസ്‘. മാലാ പാര്‍വതി, ശിവജി ഗുരുവായൂര്‍ തുടങ്ങി 25ഓളം അഭിനേതാക്കൾ അണിനിരക്കുന്ന ഇന്‍വെസ്‌റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം ബിനി ശ്രീജിത്ത് നിർമാണവും അനിൽ കാരക്കുളം സംവിധാനവും നിർവഹിക്കുന്നു.
‘#ഹോം‘ എന്ന ഒടിടി സൂപ്പർഹിറ്റ് സിനിമക്ക് ശേഷം ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമായി വരുന്ന സിനിമയാണ് ‘സൈലന്റ് വിറ്റ്നസ്‘. ഒന്നേമുക്കാൽ മണിക്കൂർ വരുന്ന സിനിമയിൽ ഇന്ദ്രൻസ് അതിശക്‌തമായ വേഷമാണ് ചെയ്യുന്നത്. പ്രേക്ഷകരെ കീഴടക്കുന്ന അഭിനയത്തിന്റെ പുതിയ മേച്ചിൽപുറങ്ങൾ സൈലന്റ് വിറ്റ്നസ് തുറന്നിടുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
അത്തരമൊരു വേഷത്തിലും ഭാവത്തിലുമാണ് പുതിയ പോസ്‌റ്ററിൽ ഇന്ദ്രൻസിനെ നമുക്ക് കാണാനാവുന്നത്. 1981 മുതൽ മലയാള ചലച്ചിത്രലോകത്തെ വസ്‌ത്രാലങ്കാര രംഗത്തുള്ള ഇന്ദ്രൻസ് 1985ൽ ‘ജ്വലനം‘ എന്ന സിനിമയിൽ മോശമല്ലാത്ത വേഷം ചെയ്‌തുകൊണ്ട് അഭിനയ രംഗത്തെത്തിയതാണ്.
350ഓളം സിനിമയിൽ ഇപ്പോൾ ഇദ്ദേഹം അഭിനയിച്ചുകഴിഞ്ഞു. സുരേന്ദ്രൻ കൊച്ചുവേലു എന്ന പേരിൽ നിന്നാണ് ഇന്ദ്രൻസ് എന്ന പേരിലേക്കുള്ള മാറ്റം. 2018ൽ പുറത്തിറങ്ങിയ ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്‌ഥാന ചലച്ചിത്ര അവാർഡ് നേടി. 2019ൽ വെയിൽമരങ്ങൾ എന്ന ചിത്രത്തിലൂടെ സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്‌റ്റിവലിൽ മികച്ച നടനുള്ള അന്താരാഷ്‌ട്ര പുരസ്‌കാരവും ഇദ്ദേഹം നേടിയിട്ടുണ്ട്.

അനീഷ് രവീന്ദ്രൻ ഛായാഗ്രാഹണം നിർവഹിക്കുന്ന സിനിമക്ക് സംവിധായകൻ അനിൽ കാരക്കുളവും അഡ്വ. എംകെ റോയിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ ഒരുഗ്രാമത്തിൽ നടക്കുന്ന കുറ്റകൃത്യവും തുടർന്നുള്ള അന്വേഷണവുമാണ് സിനിമയുടെ പ്രമേയം. മാലാ പാര്‍വതിയാണ് സിനിമയിലെ മറ്റൊരു കേന്ദ്ര കഥാപാത്രം. സെപ്‌തംബർ അവസാനത്തോടെ സിനിമ പ്രേക്ഷകരിലെത്തും.
Most Read: ദുരന്തം, രാജ്യത്തിന്റെ ആസ്‌തി മുഴുവൻ വ്യവസായ സുഹൃത്തുക്കള്‍ക്ക് നൽകുന്നു; രാഹുൽ








































