കണ്ണൂർ: കോവിഡ് വ്യാപനത്തെ തുടർന്ന് ജില്ലയിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നു. തീവ്രപരിചരണത്തിനും സെക്കന്റ് ലൈൻ ചികിത്സയ്‌ക്കുമുള്ള സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചു. രോഗികളുടെ എണ്ണത്തിലുള്ള വർധന തുടർന്നാലുണ്ടാകുന്ന സാഹചര്യം കണക്കിലെടുത്താണ് സൗകര്യങ്ങൾ വർധിപ്പിക്കുന്നത്.
ഇതിന്റെ ഭാഗമായി സെക്കന്റ് ലൈൻ ചികിൽസാ കേന്ദ്രമായ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയെ കോവിഡ് ചികിൽസാ കേന്ദ്രമാക്കും. ഇവിടെ 45 ഐസിയു ബെഡുകളും ഒരുക്കും. ഇവിടെ പ്രവർത്തിച്ചിരുന്ന സെക്കന്റ് ലൈൻ ചികിൽസാ കേന്ദ്രത്തെ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലേക്ക് മാറ്റും. കൂടാതെ, മുണ്ടയാട് ഇൻഡോർ സ്‌റ്റേഡിയത്തിൽ 250 കിടക്കകളുള്ള സെക്കന്റ് ലൈൻ ചികിൽസാ കേന്ദ്രവും ഒരുക്കും.
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ 900 ലിറ്റർ പെർ-മിനിറ്റ് ശേഷിയുള്ള ഓക്‌സിജൻ പ്ളാന്റ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ജില്ലാ ആശുപത്രിയിൽ ക്രയോജനിക് ടാങ്കും സ്‌ഥാപിച്ചിട്ടുണ്ട്. ഇതിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കും. കേന്ദ്രത്തിന്റെ എമർജൻസി കോവിഡ് റെസ്‌പോൺസ് പാക്കേജിന്റെ ഭാഗമായി കുട്ടികളുടെ ചികിത്സയ്‌ക്കുള്ള യൂണിറ്റ് തലശ്ശേരി ജനറൽ ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും സജ്‌ജീകരിക്കും. അതേസമയം, ജില്ലയിൽ നിലവിൽ രണ്ടായിരത്തിനടുത്താണ് പ്രതിദിന കോവിഡ് കേസുകൾ.
Read Also: കോങ്ങാട് പഞ്ചായത്തിൽ സമ്പൂർണ വാക്‌സിനേഷൻ






































