വയനാട്: ജില്ലയിൽ 2021-22 ഒന്നാം വിള നഞ്ച നെൽകൃഷി ചെയ്ത് സപ്ളൈകോ നെല്ല് സംഭരണ പദ്ധതിയിൽ നെല്ല് നൽകേണ്ട കർഷകർ അക്ഷയ കേന്ദ്രങ്ങൾ വഴിയോ, ഇന്റർനെറ്റ് സൗകര്യം ഉള്ളവർക്ക് സ്വന്തമായോ രജിസ്റ്റർ ചെയ്യാം. ആധാർ നമ്പർ ഉപയോഗിച്ച് വേണം രജിസ്ട്രേഷൻ പ്രക്രിയ തുടങ്ങേണ്ടത്.
ബന്ധപ്പെട്ട വിവരങ്ങൾ വെബ്സൈറ്റിൽ രേഖപ്പെടുത്തിയ ശേഷം പ്രിന്റൗട്ട് എടുക്കുന്നതിനു മുൻപായി ബാങ്കിന്റെ പേര്, ബ്രാഞ്ച്, അക്കൗണ്ട് നമ്പർ, കൃഷി സ്ഥലത്തിന്റെ വിസ്തൃതി എന്നിവ ശരിയാണെന്ന് ഉറപ്പുവരുത്തണം.
എൻആർഎ, എൻആർഒ, സീറോ ബാലൻസ് അക്കൗണ്ടുകൾ, ഇടപാടുകൾ നടത്താത്ത അക്കൗണ്ടുകൾ, പ്രായപൂർത്തി ആകാത്ത കുട്ടികളുടെ പേരിലുള്ള അക്കൗണ്ടുകൾ എന്നിവ രജിസ്ട്രേഷന് ഉപയോഗിക്കാൻ പാടില്ല. സപ്ളൈകോയുമായി പിആർഎസ് വായ്പാ പദ്ധതിയിൽ കരാറിൽ ഏർപ്പെട്ട ബാങ്കുകൾ വേണം തിരഞ്ഞെടുക്കാൻ. ഇതിന്റെ പട്ടിക വെബ്സൈറ്റിൽ ലഭിക്കും.
സ്വന്തം കൈവശ ഭൂമിയിലുള്ള കൃഷിക്കും പാട്ടകൃഷിക്കും, ഉമ, ജ്യോതി , മട്ട എന്നീ ഇനങ്ങൾക്കും പ്രത്യേകം രജിസ്ട്രേഷൻ നിർബന്ധമാണ്. മുദ്ര കടലാസിലുള്ള പാട്ടക്കരാർ ആവശ്യമില്ല. പാട്ടകൃഷിയാണെന്ന് കൃഷിഭവൻ അധികൃതർ ബോധ്യപ്പെട്ട് സാക്ഷ്യപ്പെടുത്തിയാൽ മതി.
പ്രിന്റ് ചെയ്ത് കിട്ടുന്ന അപേക്ഷയിൽ ഒപ്പുവച്ചതിന് ശേഷം കരമടച്ച രസീത്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, ആധാർ പകർപ്പ് എന്നിവ സഹിതം തൊട്ടടുത്ത പ്രവൃത്തി ദിവസം അതത് കൃഷിഭവനിൽ സമർപ്പിക്കണം. കൃഷിയിറക്കി 60 ദിവസത്തിനുള്ളിൽ രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കണം.
Read Also: കള്ളിൽ കഞ്ചാവിന്റെ സാന്നിധ്യം; അട്ടിമറി നടന്നുവെന്ന് ഷാപ്പ് ഉടമകളും, തൊഴിലാളികളും







































