കണ്ണൂർ: ജില്ലാ കോൺഗ്രസ് പ്രസിഡണ്ടായി അഡ്വ.മാർട്ടിൻ ജോർജിനെ പ്രഖ്യാപിച്ചു. കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ വിശ്വസ്‌തനായ ഇദ്ദേഹം കെഎസ്‌യുവിന്റെ സജീവ പ്രവർത്തകനായിരുന്നു. കൂത്തുപറമ്പ് നിർമലഗിരി കോളജിൽ യൂണിറ്റ് പ്രസിഡണ്ടായിരുന്ന മാർട്ടിൻ ജോർജ് താലൂക്ക് കമ്മിറ്റി സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡണ്ട് സ്‌ഥാനങ്ങളും വഹിച്ചു.
കോളജ് യൂണിയൻ ജനറൽ സെക്രട്ടറി, കാലിക്കറ്റ് സർവകലാശാല യൂണിയൻ കൗൺസിലർ എന്നീ സ്‌ഥാനങ്ങളിലും മികവു കാട്ടിയ വ്യക്‌തിയാണ്. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായാണ് കോൺഗ്രസ് നേതൃനിരയിലേക്ക് കടന്നുവരുന്നത്.
ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച മാർട്ടിൻ ജില്ലയിലെ കോൺഗ്രസ് സംഘടനാരംഗത്ത് വ്യക്‌തിബന്ധം കൊണ്ടും സംഘാടക മികവുകൊണ്ടും പൊതുസ്വീകാര്യനായി. പിന്നീട് കെപിസിസി അംഗം, നിർവാഹക സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. നിലവിൽ കെപിസിസി ജനറൽ സെക്രട്ടറിയായിരിക്കെയാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായി നിയമിതനാകുന്നത്.
Also Read: കോവിഡിന് ശേഷം കുട്ടികളിൽ ‘മിസ്‌ക്’; കേരളത്തിൽ മരണം 4 ആയി








































