കണ്ണൂർ: നിപ സമ്പർക്ക പട്ടികയിൽ കണ്ണൂർ ജില്ലയിൽ നിന്ന് നാലുപേർ. നഴ്സുമാരായ നാലുപേരാണ് സമ്പർക്കപ്പട്ടികയിൽ ഉള്ളത്. കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയെ പരിചരിച്ച ഉദയഗിരി സ്വദേശിയായ ഒരു നഴ്സിനെ ശക്തമായ പനിയെത്തുടർന്ന് തിങ്കളാഴ്ച കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മറ്റു മൂന്ന് പേരും നിരീക്ഷണത്തിലാണ്. ഇവർ കോഴിക്കോട് താമസിക്കുന്നവരാണ്.
ഉദയഗിരി സ്വദേശിയായ നഴ്സിന്റെ മാതാപിതാക്കളെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവർ കോഴിക്കോട് നിന്ന് ഉദയഗിരിയിലെ വീട്ടിലേക്ക് ബസ്, ട്രൈയിൻ മാർഗമാണ് സഞ്ചരിച്ചിരുന്നത്. എന്നാൽ, കോവിഡ് മുൻകരുതലുകൾ സ്വീകരിച്ചിരുന്നതിനാൽ യാത്രാവേളയിൽ ഇടപഴകിയവരെ സമ്പർക്കത്തിൽ നിർത്തേണ്ടതില്ലെന്ന തീരുമാനത്തിലാണ് ആരോഗ്യവകുപ്പ്. അതേസമയം, യാത്രാവേളയിൽ സമ്പർക്കം ഉണ്ടാകാനിടയുള്ള 230 ഓളം പേരുടെ പട്ടിക പോലീസ് തയ്യാറാക്കിയിരുന്നു.
ഇവരോട് സ്വയം നിരീക്ഷണത്തിൽ കഴിയാൻ ഉദയഗിരി പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. നഴ്സ് വീട്ടിൽ 24 മണിക്കൂറിലേറെ സമയം ചിലവഴിച്ചതിനാലാണ് മാതാപിതാക്കളെ പ്രത്യേക നിരീക്ഷണത്തിലാക്കിയത്. അതേസമയം, ഇവർക്ക് ഇതുവരെ ലക്ഷണങ്ങൾ ഒന്നും പ്രകടമായിട്ടില്ല. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച നഴ്സിന്റെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്നും ജില്ലയിൽ ഇപ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ഡിഎംഒ കെ നാരായണ നായ്ക് അറിയിച്ചു.
Read Also: അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രം അടച്ചിടാൻ തീരുമാനം




































