തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ സിബിഐ അന്വേഷണം ആരംഭിച്ചെങ്കിലും വിജിലൻസ് നടത്തുന്ന പ്രാഥമിക പരിശോധന തുടരും. മറ്റൊരു ഏജൻസി എഫ്ഐആർ രജിസ്റ്റർ ചെയ്‌ത സാഹചര്യത്തിൽ വിജിലൻസ് അന്വേഷണം അപ്രസക്തമാണ്. എങ്കിലും അത് തുടരാനാണ് സർക്കാർ നിർദ്ദേശം.വിദേശ സഹായ നിയന്ത്രണ നിയമം ലംഘിച്ചതിനെ അടിസ്ഥാനമാക്കിയാണ് സിബിഐയുടെ അന്വേഷണം. അതിനാലാണ് പ്രാഥമിക അന്വേഷണവുമായി വിജിലൻസ് മുന്നോട്ട് പോകുന്നത്.
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര അനുമതി ഇല്ലാതെ വിദേശ സഹായം ലഭിച്ചു എന്ന കേസിൽ മുഖ്യമന്ത്രിയിൽ നിന്നും മന്ത്രിമാരിൽ നിന്നും വിവരങ്ങൾ തേടാനൊരുങ്ങുകയാണ് സിബിഐ. വിദേശ സംഭാവന നിയന്ത്രണ നിയമ ലംഘനം സർക്കാർ പിന്തുണയോട് കൂടി ആയിരുന്നോ എന്ന് എന്ന് പരിശോധിക്കുന്നതിന് ഭാഗമാണ് ഇതെന്ന് വിലയിരുത്തുന്നു.
ലൈഫ് പദ്ധതി ചെയർമാൻ എന്ന നിലയിൽ മുഖ്യമന്ത്രിയിൽ നിന്നും തദ്ദേശവകുപ്പുമായി ബന്ധപ്പെട്ട മന്ത്രിയിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. വിദേശത്ത് നിന്ന് നേരിട്ട് ഫണ്ട് സ്വീകരിച്ചിട്ടില്ലെന്ന് സർക്കാർ വാദിക്കുന്നുണ്ടെങ്കിലും ലൈഫ് പദ്ധതി സർക്കാരിന്റേതാണെന്ന കാരണം കൊണ്ട് ഇവരെയൊക്കെ സിബിഐ അന്വേഷണപരിധിയിൽ കൊണ്ട് വരും. വിവര ശേഖരണം എളുപ്പമാക്കുന്നതിന് സിബിഐയുടെ തിരുവനന്തപുരം യൂണിറ്റിനെയും അന്വേഷണത്തിന്റെ ഭാഗമാകും.






































