മലപ്പുറം: ജില്ലയിൽ പോത്തുകല്ലിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം പ്രദേശത്തെത്തിയ കാട്ടാനക്കൂട്ടം ചാലിയാറിനും കാരാടൻ പുഴയ്ക്കും ഇടയിൽ അമ്പിട്ടാൻപൊട്ടി തുരുത്തിലുള്ള കാഞ്ഞിക്കോട്ടിൽ രാമകൃഷ്ണന്റെ കൃഷിയിടത്തിൽ ഇറങ്ങി വിളകൾ മുഴുവൻ നശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ 3ആം തവണയാണ് ഇപ്പോൾ ആനക്കൂട്ടം കൃഷിയിടത്തിൽ എത്തി വിളകൾ നശിപ്പിക്കുന്നത്.
ചെമ്പ്ര വനത്തിൽ നിന്ന് ആനകൾ മച്ചികൈ ക്ഷേത്രത്തിന് പരിസരത്തിലൂടെ വന്നാണ് കാരാടൻ പുഴ കടക്കുന്നത്. സന്ധ്യ സമയത്ത് പുഴ കടക്കുന്ന ആനക്കൂട്ടം കൃഷിയിടങ്ങളും മറ്റും നശിപ്പിച്ച ശേഷം പുലർച്ചയോടെയാണ് കാട്ടിലേക്ക് മടങ്ങുന്നത്. ഇതോടെ പ്രദേശത്തെ കർഷകർ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്.
ഒപ്പം തന്നെ രാവിലെ ക്ഷേത്രത്തിൽ എത്തുന്ന ആളുകളും, ടാപ്പിംഗ് തൊഴിലാളികളും, പുഴയിൽ കുളിക്കാൻ എത്തുന്നവരും കാട്ടാനക്കൂട്ടത്തിന് മുന്നിൽ പെടുന്നതും ഇപ്പോൾ പതിവാണ്. പ്രദേശത്തിറങ്ങുന്ന കാട്ടാനക്കൂട്ടം ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയാകുകയാണ്. ഈ സാചര്യത്തിലും ഇവ നാട്ടിലിറങ്ങുന്നത് തടയാൻ വനംവകുപ്പ് നടപടികൾ സ്വീകരിക്കാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.
Read also: അജിത തങ്കപ്പനെതിരെ അവിശ്വാസ പ്രമേയം; കോൺഗ്രസ് വിട്ടുനിൽക്കും








































