ചെന്നൈ: തിരുച്ചിറപ്പള്ളിക്ക് സമീപം സാമൂഹ്യ പരിഷ്‌കര്‍ത്താവ് പെരിയാര്‍ ഇ.വി രാമസ്വാമിയുടെ പ്രതിമക്ക് മുകളില്‍ കാവി പെയിന്റെ ഒഴിച്ചതില്‍ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
സംഭവത്തില്‍ അടിയന്തിര നടപടി ആവശ്യപ്പെട്ട് തിരുച്ചിറപ്പള്ളിയുടെ വിവിധ ഭാഗങ്ങളിലുള്ളവര്‍ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിമയെ അപമാനിച്ചവര്‍ക്ക് എതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. പെരിയാര്‍ പ്രതിമ വികൃതമാക്കിയതിന് എതിരെ ഡി.എം.കെ എം.പി കനിമൊഴി ബി.ജെ.പിക്കെതിരെ രംഗത്തെത്തി.
”പെരിയാര്‍ പ്രതിമക്ക് മുകളില്‍ കാവി പെയിന്റ് ഒഴിച്ച്, അത് അപമാനിക്കപ്പെട്ടു. സാമൂഹ്യ നീതിയുമായി ബന്ധപ്പെട്ട് പെരിയാര്‍ നടത്തിയ ശ്രമങ്ങളെ അംഗീകരിക്കുന്നതില്‍ തങ്ങള്‍ക്ക് യാതൊരു മടിയുമില്ലെന്ന് പെരിയാറിന്റെ ജന്മദിനത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് എല്‍ മുരുകന്‍ പറഞ്ഞിരുന്നു. ഇത് അവര്‍ കാണിക്കാന്‍ ആഗ്രഹിച്ച ബഹുമാനമാണോ? നീറ്റ്, എന്‍.ഇ.പി, കര്‍ഷകരുടെ പ്രക്ഷോഭം എന്നിവ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് പെരിയാര്‍ മാത്രമാണോ പ്രതികരണം? ‘- കനിമൊഴി ട്വീറ്റ് ചെയ്‌തു.
ഈ വര്‍ഷം ആദ്യം ചെങ്ങല്‍പാട്ടിലും പെരിയാറിന്റെ പ്രതിമക്ക് നേരെ ആക്രമം നടന്നിരുന്നു. പ്രതിമയുടെ മുഖം വികൃതമാക്കിയ രീതിയില്‍ കണ്ട നാട്ടുകാരാണ് അന്ന് പൊലീസില്‍ വിവരം അറിയിച്ചത്.

































